കെ.എന്‍.ബാലഗോപാല്‍, വീണാ ജോര്‍ജ് (ഫയല്‍ ചിത്രം)
ആരോഗ്യവകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ മന്ത്രിവീണാ ജോർജാണ് കടുംവെട്ടിന്‍റെ കണക്ക് നിരത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങൾക്കും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യവകുപ്പിന്റെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്.
അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവെച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 കോടിയായി വെട്ടി കുറച്ചു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ 146.89 കോടി വെട്ടിയെന്നാണ് കണക്കുകൾ. മെഡിക്കൽ കോളജുകളുടെ വികസനത്തിനായി 217 കോടി പ്രഖ്യാപിച്ച് ഒടുവിൽ 157 കോടിയാക്കി ചുരുക്കിയെന്നും രേഖകളില്‍ വ്യക്തം. എന്നാൽ ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ കള്ളമെന്നാണ് ധനമന്ത്രി വാദിക്കുന്നത്.
ഇതിന് തെളിവായി ധനമന്ത്രി പറയുന്നത് ആരോഗ്യവകുപ്പിന് അനുവദിച്ച മൊത്തം തുകയാണ്. ഇനം തിരിച്ചുള്ള, എത്ര തുക വകയിരുത്തി അതിൽ എത്ര തുക അന്തിമമായി അനുവദിച്ചു എന്ന കണക്ക് മന്ത്രി മിണ്ടുന്നില്ല. മാധ്യമ വാർത്തകൾ ആരോഗ്യമന്ത്രിയും നിഷേധിച്ചിട്ടില്ല. നിയമസഭാ രേഖകൾ തെളിവായിരിക്കുന്നിടത്തോളം മന്ത്രിക്ക് നിഷേധിക്കൻ ആകില്ലെന്നതാണ് യാഥാർഥ്യം. അധിക തുക ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രിയുടെ മറുവാദം.