ചികിത്സാ സാമഗ്രികളുടെ ക്ഷാമത്തിൽ മെഡിക്കൽ കോളജുകൾ വലയുമ്പോൾ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച തുകയിൽ കടും വെട്ട് നടത്തി ധനവകുപ്പ്. മെഡിക്കൽ കോളജുകൾക്ക് അനുവദിച്ച തുകയിൽ 146 കോടി വെട്ടി. ആരോഗ്യ രംഗത്തെ നശിപ്പിച്ചത് പി ആർ വർക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു.ആരോഗ്യമന്ത്രിയുടെ വസതിയിലേക്കും മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിലേക്കും കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
മെഡിക്കൽ കോളജുകളിലെ ഉപകരണ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് ധനവകുപ്പിൻ്റെ കടുംവെട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401.24 കോടിയാണ് നീക്കി വച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 254. 35 കോടിയായി കുറച്ചു. മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ 146.89 വെട്ടി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ - ജില്ലാ , ജനറൽ ആശുപത്രികൾക്ക് വരെ നീക്കിവച്ച തുകയിൽ 60 കോടിയോളം വെട്ടി ചുരുക്കി. മെഡിക്കൽ കോളജുകളുടെ വികസനത്തിന് 217 കോടി പ്രഖ്യാപിച്ച് ഒടുവിൽ 157 കോടിയായി ചുരുക്കി. ഫണ്ടിൻ്റെ അപര്യാപ്തത കാരണം പല പദ്ധതികളും നിലച്ച മട്ടാണ്. കാൻസർ സെൻററുകളുടെ ഫണ്ടും ചുരുക്കി.മെഡിക്കൽ കോളജുകളിൽ മരുന്നുകളോ ശസ്ത്രക്രിയ ഉപകരണങ്ങളോ ഇല്ലാത്ത ദയനീയ സാഹചര്യമെന്ന് വി ഡി സതീശൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
മഹിളാ കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് നടത്തി. വസതിയിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.