ചികിത്സാ പിഴവ് പരാതിയില്‍ തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കി ആരോഗ്യവകുപ്പ്. ബിസ്മീറിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു. കുത്തിവയ്പ്പും നെബുലൈസേഷനും നല്‍കി. ഗ്രില്‍ അടച്ചത് വനിതാ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിളപ്പില്‍ശാല കാവിന്‍പുറം സ്വദേശി പി.ബിസ്മിര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. യുവാവിന്‍റെ മരണം ചികിത്സാപിഴവ് മൂലമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബിസ്മിറിനെ പ്രാഥമിക ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചു എന്നാണ് പരാതി. ബിസ്മിര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ബിസ്മിറിനെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചെങ്കിലും പ്രാഥമിക ചികിത്സയൊന്നും നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ബിസ്മിര്‍ മരിച്ചിരുന്നു. കുടുംബത്തിന്‍റെ ആരോപണങ്ങള്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.രമ തള്ളിയിരുന്നു.