ഇടുക്കി മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 13 ഷട്ടറുകള്‍ തുറന്നു. 10 സെ.മീ വീതമാണ് ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ എത്തിയതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. ഇന്നലെ രാത്രി 10 മണിയോടെ തന്നെ ജലനിരപ്പ് 136 അടിയില്‍ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ജലനിരപ്പ് 136.10 അടിയായി ഉയരുകയും ചെയ്തു.
3,707 ഘനയടി വെളളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്നത് സെക്കന്‍റില്‍ 2,117 ഘനയടി വെള്ളമാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനിടയില്ല. ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും പെരിയാർ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.