File photo
ഇടുക്കി മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചു. സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക.
പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല കലക്ടർ അറിയിച്ചു.
സംസ്ഥാനത്തെ അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. കെ.എസ്.ഇബിക്ക് കീഴിലുള്ള 8 ഡാമുകളില്‍ റെഡ് അലെര്‍ട്ട് നിലവിലുണ്ട്. മൂഴിയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത്, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇരട്ടയാറില്‍ ജലനിരപ്പ് പരമാവധിക്ക് മുകളിലാണ്. ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ 97.16 ശതമാനം വെള്ളമുണ്ട്. ഇവിടെ നിന്ന് സെക്കന്‍ഡില്‍ 192 ഘനമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. കല്ലാര്‍കുട്ടി അണക്കെട്ടില്‍ സംഭരണശേഷിയുടെ 96.72 ശതമാനം വെള്ളമുണ്ട്. സെക്കന്‍ഡില്‍ 180 ഘനമീറ്റര്‍ നിരക്കിലാണ് വെള്ളം പുറത്തുവിടുന്നത്.