ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടി. തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് പേര്‍ അറസ്റ്റിലായ കേസില്‍ മുഖ്യപ്രതി നൗഷാദ് വിദേശത്താണ്. ഹേമചന്ദ്രനെ നൗഷാദ് മര്‍ദിച്ചിരുന്നതായി ഭാര്യ സുബിഷ മനോരമ ന്യൂസിനോട് പറഞ്ഞു.
2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്ന് പുറത്ത് പോയ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ വീട്ടുകാര്‍ പിന്നീട് കണ്ടിട്ടില്ല. പത്ത് ദിവസമായിട്ടും തിരികെയെത്താതായതോടെ ഏപ്രില്‍ ഒന്നിന് ഭാര്യ സുബിഷ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. ഹേമചന്ദ്രന്‍റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍സുഹൃത്ത് വിളിച്ചതിന് പിന്നാലെയാണ് വീട്ടില്‍ നിന്ന് പുറത്ത് പോയതെന്ന് പൊലീസിന് വ്യക്തമായി. നിരവധി പേരുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളതിനാല്‍ മറ്റെവിടെയെങ്കിലും മാറിതാമസിക്കുകയാണെന്നും പൊലീസ് സംശയിച്ചു.
ഇതിനു പിന്നാലെ രണ്ടാഴ്ച മുന്‍പാണ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട പ്രതിയില്‍ നിന്ന് ഹേമചന്ദ്രന്‍റെ തിരോധാനത്തില്‍ സംശയം തോന്നിക്കുന്ന തെളിവുകള്‍ ലഭിക്കുന്നത്. ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. കേസിലെ പ്രധാന പ്രതിയായ വിദേശത്തുള്ള നൗഷാദുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കാണാതായ ആദ്യ ദിവസങ്ങളില്‍ ഹേമചന്ദ്രന്‍ ഫോണ്‍ വിളിച്ചിരുന്നതായി ഭാര്യ മനോരമ ന്യൂസിനോട് പറഞ്ഞു. നൗഷാദ് ഒപ്പുമുണ്ടെന്നും തന്നെ മര്‍ദിച്ചുവെന്നും ഹേമചന്ദ്രന്‍ ഭാര്യയോട് പറഞ്ഞിരുന്നു. പ്രതികളില്‍ ഒരാളുമായി വനാതിര്‍ത്തിയായ ചേരമ്പാടിയില്‍ നടത്തിയ തെളിവെടുപ്പില്‍ പൊലീസ് മൃതദേഹം കണ്ടെത്തി. ഫൊറന്‍സിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.