• ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിക്ക് സാധ്യത
  • മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
  • തിരുവനന്തപുരത്ത് 'കള്ളക്കടല്‍' മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ അഞ്ചുദിവസം കൂടി തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗാള്‍ –ബംഗ്ലദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്നും ഇത് വൈകാതെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട  ഇടുക്കി, വയനാട്, മലപ്പുറം  ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളിലെല്ലാം യെലോ അലര്‍ടും നിലവിലുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.6 അടിയായി ഉയര്‍ന്നു. ഇതോടെ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും. തൃശൂര്‍ പീച്ചി ഡാമിന്‍റെ നാലു ഷട്ടറുകള്‍ രാവിലെ പതിനൊന്ന് മണിയോടെ  തുറക്കും. നാലു ഷട്ടറുകളും നാലിഞ്ച് വീതം തുറക്കും. മണലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്. 

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 2.0 മുതൽ 2.1 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഉച്ചയ്‌ക്ക്‌ 02.30 വരെ 2.9  മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) നാളെ രാവിലെ 8.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും  മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
  • ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
  • ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  • തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.  ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇന്നും ജാഗ്രത നിർദേശമുണ്ട്.  ഹിമാചൽ  കാംഗ്ര ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു.  ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.  ഇനിയുംമൂന്നുപേരെ കണ്ടെത്താനുണ്ട്. കുളുവിൽ, സൈഞ്ച് താഴ്‌വരയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ മൂന്ന് പേർക്കായും തിരച്ചിൽ തുടരുകയാണ്. ഹിമാചലിലെ 53 റോഡുകളിൽ ഗതാഗതം തടസപ്പെട്ടു,  ജമ്മു കശ്മീർ റംബാൻ മേഖലയില്‍ കനത്ത മഴയിൽ ചെനാബ് നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു.  പടിഞ്ഞാറൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കലാവസ്ഥാ പ്രവചനം. ഇന്ത്യയിലെ വാർഷിക മൺസൂൺ അടുത്ത നാല് ദിവസങ്ങൾക്കുള്ളിൽ രാജ്യമെമ്പാടും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.  

ENGLISH SUMMARY:

Due to persistent heavy rainfall, Kerala is under a five-day alert for more downpours and strong winds. Orange alerts are issued for Kottayam, Pathanamthitta, Idukki, Wayanad, and Malappuram. Authorities warn that Mullaperiyar's shutters may open, and Peechi Dam will open four shutters, raising river levels.