സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാജില്ലകളിലും മഴ മുന്നറിയിപ്പുണ്ട് . കോട്ടയം, പത്തനംതിട്ട ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴ ശക്തമാക്കുന്നത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ജൂൺ 29 ഓടെ ചക്രവാത ചുഴി രൂപപെടാനും തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതതയുണ്ട്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് നൽകി. പമ്പാനദി, മൂവാറ്റുപുഴ, ഭാരതപ്പുഴ, മീനച്ചിൽ, അച്ചൻ കോവിൽ, പെരിയാർ, ചാലക്കുടി പുഴ, കബനി നദി എന്നിവിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. 29 വരെ മഴ തുടരും.
എറണാകുളം ജില്ലയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാവിലെ മുതൽ, ഒരിടത്തും ശക്തമായ മഴ ലഭിച്ചിട്ടില്ല. മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴ്ന്നു. എങ്കിലും മുന്നറിപ്പ് നിലയിൽ മാറ്റമില്ല. പെരിയാറിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയിലും താഴെയായി. ജില്ലയുടെ തീരദേശ മേഖലയിൽ കടലാക്രമണത്തിന്റെ ശക്തി കുറഞ്ഞു. നിലവിൽ, 9 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി 88 കുടുംബങ്ങൾ കഴിയുന്നുണ്ട്.
കടലാക്രമണം രൂക്ഷമായിരുന്ന കണ്ണമാലി ചെറിയ കടവ് പ്രദേശത്തെ കുടുംബങ്ങൾ ഒരാഴ്ചയിലേറെയായി ദുരിതാശ്വാസ ക്യാമ്പിലാണ്. ചെല്ലാനം-കണ്ണമാലി മേഖലയിൽ ജിയോബാഗ് സ്ഥാപിച്ച് താൽക്കാലികമായി തീരം സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ തുടങ്ങും. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 291 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ ഏഴ് വീടുകൾ പൂർണ്ണമായും 284 വീടുകൾ ഭാഗികമായും നശിച്ചു.