new-baby

ശാസ്ത്രീയ ചികിത്സ ലഭിക്കാതെ മഞ്ഞപ്പിത്തം  ബാധിച്ച് കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറം കോട്ടക്കൽ സ്വദേശികളായ നവാസ് -  ഹിറ ഹറീറ ദമ്പതികളുടെ ഒരു വയസ്സുള്ള ആൺകുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. അക്യുപങ്ചർ ചികിത്സകരും പ്രചാരകരുമായ ഇവർ കുഞ്ഞിന് ആവശ്യമായ ചികിത്സ തുടക്കം മുതലേ നൽകിയില്ല എന്നാണ് ആരോപണം. അലോപ്പതി ചികിത്സയെ ശക്തമായി എതിർക്കുന്ന ഇവർ കുഞ്ഞിന് വാക്സിനുകളും എടുത്തിരുന്നില്ല. 

മരിച്ച കുഞ്ഞിനെ ഹിറ പ്രസവിച്ചത് വീട്ടിലാണ്. ആശുപത്രിയിൽ പോകാവുന്ന സാഹചര്യം ഒഴിവാക്കി പ്രസവം വീട്ടിലാക്കിയത് ആധുനിക വൈദ്യശാസ്ത്രത്തോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രമാണ്. പ്രസവശേഷം വീട്ടിലെ പ്രസവത്തിന്റെ മഹത്വം വിവരിച്ചു ഫേസ്ബുക്കിലിട്ട കുറിപ്പ് ഏറെ വിമർശനങ്ങളും വിളിച്ചു വരുത്തി. തന്റെ വലിയ ആഗ്രഹമായിരുന്നു വീട്ടിൽ പ്രസവിക്കുക എന്നും അവർ കുറിച്ചു. മാത്രവുമല്ല പ്രസവത്തിനു തൊട്ട് മുൻപ് വരെ വീട് വൃത്തിയാക്കലും പാചകവുമെല്ലാം ചെയ്തിരുന്നുവെന്ന് ഹിറ അവകാശപ്പെട്ടു. പ്രസവസമയത്ത് കുഞ്ഞിന്റെ തലക്ക് പകരം കാൽഭാഗം താഴേക്ക് തിരിഞ്ഞു വരുന്ന ബ്രീചs പ്രസന്റേഷൻ എന്ന അപകടകരമായ സാഹചര്യം വന്നിട്ട് പോലും ആശുപത്രിയിൽ പോകാൻ അവർ തയ്യാറായില്ല.

ഇതെല്ലാം തീർത്തും വിഡ്ഢിത്തവും നിരുത്തരവാദപരവും അപകടകരവുമാണെന്ന് അന്നുതന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ചും ആളുകൾ മരിക്കുന്നില്ലേ എന്നായിരുന്നു  ദമ്പതികളുടെ മറുചോദ്യം. ആശുപത്രിക്ക് മുന്നിൽ വെച്ചു അപകടം ഉണ്ടായാൽ പോലും അങ്ങോട്ട് കയറില്ലെന്ന പ്രസ്താവന കാണുമ്പോഴാണ് ആധുനിക ശാസ്ത്രത്തെ അവർ എതിർത്തുവെന്നും വെറുത്തുവെന്നും മനസിലാവുക. 

ഹിറയുടെ പ്രൊഫൈലിൽ മഴ നനഞ്ഞു ചിരിച്ചുകൊണ്ട് ആ കുഞ്ഞ് ഇരിക്കുന്നുണ്ട്. മാതാപിതാക്കളുടെ പിടിവാശിയുടെയും വിവരമില്ലായ്മയുടെയും ഇര. കുഞ്ഞിന്റെ മൗലിക അവകാശം ലംഘിച്ച മാതാപിതാക്കളെ ജയിലിൽ അടക്കണം എന്ന ആവശ്യമാണ് കമന്റ്‌ ബോക്സ്‌ നിറയെ. 

ENGLISH SUMMARY:

Baby born at home dies of jaundice; protest against parents