എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
സ്കൂളുകളിൽ സൂംബ ഡാൻസ് വേണ്ടെന്ന് സമസ്ത യുവജനവിഭാഗം. സൂംബ പോലുള്ള നൃത്തപരിപാടികൾ ധാർമികതയ്ക്ക് ക്ഷതമേൽപ്പിക്കുമെന്നും രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഉന്നതമായി ചിന്തിക്കണമെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് എം.എസ്.എഫ്. (മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ) പ്രതികരിച്ചു.
എന്നാല്‍ സ്കൂളുകളിൽ സൂംബ ഡാൻസ് പാടില്ലെന്ന സമസ്തയുടെ നിലപാട് അപഹാസ്യമാണെന്ന് എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ). സ്കൂളുകളിലെ സൂംബ ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, വിദ്യാഭ്യാസ സംഘടനകൾ ഇത്തരം തെറ്റായ നിലപാടുകളിൽ നിന്ന് പിന്മാറണമെന്നും എസ്.എഫ്.ഐ. ആവശ്യപ്പെട്ടു.
സ്കൂളുകളിൽ സൂംബ ഡാൻസ് നടത്തുന്നതിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. "സൂംബയിൽ എന്താണ് തെറ്റ്?," എന്ന് മന്ത്രി ചോദിച്ചു. "സൂംബ നടപ്പാക്കാൻ കൂടിയാലോചനയുടെ ആവശ്യമെന്താണ്? ആരോഗ്യത്തിന് വളരെ നല്ലതാണ് സൂംബ," എന്നും മന്ത്രി കൂട്ടിച്ചേർത്തു.