ആലപ്പുഴയ്ക്ക് പടിഞ്ഞാറായി അറബിക്കടലില്‍ മുങ്ങിയ എംഎസ്‍സി എല്‍സ ത്രി കപ്പലിലെ ഇന്ധനം നീക്കുന്നത് ജൂലൈ അവസാനംവരെ നീളും. നേരത്തെ നിയോഗിച്ച കമ്പനി കൈമലര്‍ത്തിയതോടെ ഇന്ധനം നീക്കാന്‍ പുതിയ കമ്പനിയെ നിയോഗിച്ചു. അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹയിയുടെ എന്‍ജിന്‍ റൂമിലെ വെള്ളം നീക്കാന്‍ സാധിച്ചിട്ടില്ല. വാന്‍ ഹയ് കപ്പലിന്‍റെ കീഴ് ഡെക്കുകളിലേയ്ക്ക് തീ പടരുന്നത് പ്രതിസന്ധിയാകുന്നു.
അറബിക്കടലില്‍ മുങ്ങിയ എംഎസ്‍സി എല്‍സ ത്രി കപ്പലിലെ ഇന്ധനം ജൂലൈ 3നകം നീക്കണമെന്നായിരുന്നു ഡിജി ഷിപ്പിങ്ങിന്‍റെ നിര്‍ദേശം. ടി ആന്‍ഡ് ടി സാല്‍വേജ് എന്ന കമ്പനിയെ ഇന്ധനം നീക്കാന്‍ കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയും സാല്‍വേജ് കമ്പനിയുടെ സാങ്കേതിക പരിമിതികളും തടസമായി. ഇതോടെയാണ് സ്മിറ്റ് സാല്‍വേജുമായി കപ്പല്‍ ഉടമകള്‍ കരാറിലേര്‍പ്പെട്ടത്. ഇന്ധന നീക്കം ജൂലൈ അവസാനത്തോടെയേ പൂര്‍ത്തിയാക്കാനാകൂവെന്നാണ് വിലയിരുത്തല്‍. സ്മിറ്റ് സാല്‍വേജ് പുതിയ കര്‍മ പദ്ധതി സമര്‍പ്പിക്കും. ഇന്ധന നീക്കത്തിന് സഹായിക്കുന്ന ഗാര്‍ഡ് വെസല്‍ കാനറ മേഘ് ശനിയാഴ്ച്ച എത്തും. അഴീക്കലിന് സമീപം തീപിടിച്ച വാന്‍ ഹയ് 503യുടെ എന്‍ജിന്‍ റൂമില്‍ നിറഞ്ഞ വെള്ളം നീക്കാന്‍ സാധിച്ചിട്ടില്ല. പ്രതികൂലകാലാവസ്ഥ തടസമാകുന്നു. ശ്രമം തുടരും. കണ്ടെയ്നറുകളിലെ തീ കെടുത്താന്‍ പമ്പ് ചെയ്ത വെള്ളവും ഡെക്കിലുണ്ടായ ദ്വാരത്തിലൂടെ ഉള്ളിലെത്തിയ മഴവെള്ളവും എന്‍ജിന്‍ റൂമില്‍ കെട്ടിക്കിടക്കുകയാണ്. കനത്ത കാറ്റുമൂലം കപ്പലിന്‍റെ കീഴ് ഡെക്കില്‍ തീപിടിക്കുന്നത് പ്രതിസന്ധിയാകുന്നു. കപ്പലിന് ചരിവുണ്ടെങ്കിലും നിലവില്‍ മുങ്ങിത്താഴാന്‍ സാധ്യതയില്ല. എന്നാല്‍ വെള്ളം കൂടുതല്‍ കയറില്‍ സ്ഥിതി വഷളാകും. തീ അണക്കാനായാല്‍ ശ്രീലങ്കയിലെ തുറമുഖത്തേക്ക് കൊണ്ടുപോകും. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡര്‍ പരിശോധിച്ചു.