കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് മരിച്ച ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ രഞ്ജിത്തിന്‍റെ കുടുംബത്തിന് ഇനിയും നീതി അകലെ. കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കുകയോ, കുടുംബത്തിന് സര്‍ക്കാര്‍ വക നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല.
മഴപെയ്തു തോര്‍ന്നൊരു വൈകുന്നേരം. മിഠായി പൊതികളുമായി അച്ഛന്‍ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് അഞ്ചു വയസുകാരി ഐദികയ്ക്കറിയാം.. എങ്കിലും അവള്‍ വാരാന്തിയില്‍ കാത്തിരുന്നു. ദേശീയപാത നിര്‍മാണത്തിലെ അനാസ്ഥയില്‍ പൊലിഞ്ഞതാണ് രഞ്ജിത്തിന്‍റെ ജീവന്‍. പാത നിര്‍മാണത്തിന്‍റെ ഭാഗമായെടുത്ത കുഴിയില്‍ വീഴുകയായിരുന്നു
നിര്‍മാണ കമ്പനി നല്‍കിയത് മൂന്ന് ലക്ഷം രൂപ മാത്രമാണ്. മുഖ്യമന്ത്രിക്കടക്കം നിവേദനമയച്ചിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. വരുമാന മാര്‍ഗം നിലച്ചതോടെ താത്കാലിക ജോലി ചെയ്താണ് പ്രിയ കുടുംബം പോറ്റുന്നത്. കഴിഞ്ഞ ഫെബ്രുവരി 3ന് രാത്രിയിലാണ് ഭക്ഷണവിതരണത്തിനായി ബൈക്കില്‍ പോകുമ്പോള്‍ പനാത്തുതാഴം നേതാജി ജംക്‌ഷനില്‍ ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കുഴിയില്‍ രഞ്ജിത്ത് വീണത്.