സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കിയിലും വയനാട്ടിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ആണ് മഴ ശക്തമാക്കുന്നത്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു o കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് നൽകി. പമ്പാ നദി , മൂവാറ്റുപുഴ , ഭാരതപ്പുഴ , മീനച്ചിൽ , അച്ചൻ കോവിൽ , പെരിയാർ , ചാലക്കുടി പുഴ , കബനി നദി എന്നിവിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.തീരദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. 29 വരെ മഴ തുടരും
Also Read: മഴക്കെടുതിയില്‍ 2 മരണം; ഒരാളെ കാണാതായി; മലമ്പുഴ, ബാണസുര ഡാമുകള്‍ തുറന്നു
തൃശൂര്‍ പീച്ചി ഡാമിന്‍റെ നാലു ഷട്ടറുകള്‍ നാളെ തുറക്കും. നാളെ രാവിലെ പതിനൊന്നിന് ഡാം തുറക്കും. നാലു ഷട്ടറുകളും നാലിഞ്ച് വീതം തുറക്കും. മണലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്.
വയനാട് ബാണാസുര സാഗർ ഡാം തുറന്നു
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാം തുറന്നു. പനമരം പുഴയോട് ചേർന്ന് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. റോഡ് ഇടിഞ്ഞുതാഴ്ന്ന് കിണർ ആകൃതി രൂപപ്പെട്ട വെള്ളമുണ്ട പുളിഞ്ഞാലിൽ വിദഗ്ധസംഘം പരിശോധന നടത്തും.
ബാണാസുര ഡാമിൻ്റെ ഒരു ഷട്ടർ പത്ത് സെൻ്റീമീറ്റർ ഉയർത്തിയാണ് അധിക ജലം ഒഴുക്കിവിടുന്നത്. കരമാൻ തോട് വഴി പനമരം പുഴയിലേക്കാണ് വെള്ളം ഒഴുകി ചെല്ലുക. സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വരെ വെള്ളം ഘട്ടം ഘട്ടമായി തുറന്ന് വിടും. പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം വെള്ളമുണ്ട പുളിഞ്ഞാലിൽ റോഡ് ഇടിഞ്ഞ് താഴ്ന്ന് കിണർ ആകൃതിയിൽ വൻ ഗർത്തം രൂപപ്പെട്ടത് ആശങ്ക പരത്തി. വെള്ളക്കെട്ടോ നീർച്ചാലോ ഇല്ലാത്ത ഭാഗത്ത് മഴയിൽ പൊടുന്നനെ അഞ്ച് മീറ്ററോളം വ്യാസത്തിൽ മണ്ണ് ഇടിഞ്ഞ് താഴുകയായിരുന്നു. സമീപത്തെ നെല്ലിക്കച്ചാൽ ഉന്നതിയിലെ 26 കുടുംബങ്ങളെ സുരക്ഷിതമായി ക്യാപുകളിലേക്ക് മാറ്റി
ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. എങ്കിലും പനമരം, കണിയാമ്പറ്റ, കോട്ടത്തറ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. ചൂരൽമലയിലെ പുന്നപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞുതുടങ്ങി.
മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അഞ്ച് സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി
ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാട് മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അഞ്ച് സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി. ഷോളയാര്‍ അണക്കെട്ടിന്‍റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് കക്കയം അണക്കെട്ടിന്‍റെ ഷട്ടര്‍ അര അടി ഉയര്‍ത്തി. മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ള കയറി.
മലമ്പുഴ അണക്കെട്ടിന്‍റെ സംഭരണ ശേഷി 111.15 മീറ്റര്‍ എത്തിയതോടെയാണ് നാല് ഷട്ടറുകളും അഞ്ച് സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴയില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെ 346.1 മില്ലീമീറ്റര്‍ മഴ പെയ്തുവെന്നാണ് ജലസേചന വകുപ്പിന്‍റെ കണക്ക്. ജലനിരപ്പ് 165 അടിയില്‍ എത്തിയതോടെ അപ്പര്‍ ഷോളയാര്‍ അണക്കെട്ടും തുറന്നു.
രണ്ടായിരം ഘനയടി വെള്ളമാണ് കേരളത്തിലേക്ക് ഒഴുക്കി വിടുന്നത്. പുതുശേരി കാളാണ്ടിത്തറയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണു. വീട്ടില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധിക കല്യാണി മകളുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു അപകടം. കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കക്കയം അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അര അടി വീതം ഉയര്‍ത്തിയിട്ടുണ്ട്. കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇരവഞ്ഞി, ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ താമസിച്ചിരുന്ന ആറ് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി. കണ്ണൂര്‍ പാറപ്പള്ളി കടലില്‍ കാണാതായ കായലാട് സ്വദേശി ഫര്‍ഹാന്‍ റൗഫിന്‍റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് ഫര്‍ഹാനെ കാണാതായത്.
കോതമംഗലത്ത് കനത്ത മഴയ്ക്കിടെ വീട് നിലംപൊത്തി. രണ്ടു പേർക്ക് പരുക്ക്. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ ദശദലക്ഷം ഉന്നതിയിലെ കൃഷ്ണൻകുട്ടിക്കും ഭാര്യ അമ്മിണിക്കുമാണ് പരുക്കേറ്റത്. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. വീടിന് കാലപ്പഴക്കമുണ്ട്. നാട്ടുകാർ എത്തി കൃഷ്ണൻ കുട്ടിയെയും അമ്മിണിയെയും കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ആലപ്പുഴയില്‍ കടലില്‍ പോയ മല്‍സ്യത്തൊഴിലാളി പുന്നപ്ര സ്വദേശി സ്റ്റീഫനെ കാണാതായി. തിരച്ചില്‍ തുടരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135 അടിയായി. സെക്കന്റിൽ 5505 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നുണ്ട്. ജലനിരപ്പ് 136 അടിയായൽ നാളെ സ്പിൽ വേ ഷട്ടർ ഉയർത്തി പെരിയാറിലേക്ക് ജലം ഒഴുക്കുമെന്ന് തമിഴ്നാട് അറിയിച്ചു. 2348 അടിയാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്