TOPICS COVERED

സംസ്ഥാനത്തെ ജയിലുകളില്‍ പുകവലി നിരോധനം നടപ്പാക്കിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയായി. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിരന്തര പോരാട്ടത്തിലൂടെ നടപ്പാക്കിയ പുകവലി നിരോധനം പിന്നീട് ലോകത്തിന് തന്നെ മാതൃകയായത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയാണ്. 

പൊതുസ്ഥലത്ത് പുകവലി നിരോധനം ഏര്‍പ്പെടുത്തിയ COTPA ആക്ട് നിലവില്‍ വന്നത് 2005 മുതലാണ്. അന്ന് പൊതുസ്ഥലമായി കണക്കാക്കി ജയിലുകളിലും പുകവലി നിരോധിച്ചെങ്കിലും 2007 ല്‍ പിന്‍വലിക്കപ്പെട്ടു.  എന്നാല്‍ പുകവലിക്കാത്തവര്‍ക്ക് കൂടി പുകവലിക്കാരായ തടവുകാരാല്‍ അസുഖം ബാധിക്കുമെന്ന് വാദിച്ച് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും തിരുവനന്തപുരം ആര്‍സിസിയുമുള്‍പ്പെടെ നിരന്തരം സമ്മര്‍ദം ചെലുത്തിയപ്പോള്‍ 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ നിരോധന ഉത്തരവ് നടപ്പാക്കാന്‍ വീണ്ടും ഒരു വര്‍ഷമെടുത്തു.

ചരിത്രപ്രധാനമായ പുകവലി നിരോധന ഉത്തരവ് രാജ്യത്തിനും ലോകത്തിനും മാതൃകയായി. വിവിധ സംസ്ഥാനങ്ങളും കേരളത്തിന്‍റെ പാത പിന്തുടര്‍ന്നു. പില്‍ക്കാലത്ത് ബ്രിട്ടന്‍ ജയിലുകളില്‍ വരെ പുകവലി നിരോധനം നടപ്പാക്കിയത് ഇതിന്‍റെ പ്രചോദനത്തിലാണെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. പത്ത് വര്‍ഷം പിന്നിടുന്ന പുകവലി നിരോധന നിയമത്തിന്‍റെ വാര്‍ഷികം ലഹരിവിരുദ്ധ ദിനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആചരിച്ചു. ജയില്‍ സൂപ്രണ്ട്, ഡിഎംഒ, തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങ് തടവുകാര്‍ക്ക് ലഹരി അവബോധം നല്‍കുന്ന പരിപാടിയായി മാറി.

ENGLISH SUMMARY:

Kerala has completed ten years since implementing a smoking ban in its prisons. Initiated through the consistent efforts of Malabar Cancer Care Society, the ban has since become a global model for tobacco control in correctional facilities.