അര്‍ബുദ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാമൂഹ്യ പ്രത്യാഘാതങ്ങളും ചര്‍ച്ചചെയ്യാന്‍ കേരള കാന്‍സര്‍ കോണ്‍ക്ലേവ്. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഇരുനൂറിലേറെ അര്‍ബുദ ചികിത്സാവിദഗ്ധര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
അര്‍ബുദരോഗ ചികിത്സാരംഗത്തെ ഏറ്റവും പുതിയ സാധ്യതകളോടൊപ്പം വെല്ലുവിളികളും കേരള ക്യാന്‍സര്‍ കോക്ലേവ് സമഗ്രമായി ചര്‍ച്ചചെയ്യും. കേരളത്തിലെ മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റുകളുടടെ സംഘടനയായ അംപോക് നടത്തിയ സര്‍വെ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും. രണ്ടുദിവസങ്ങളിലായി എട്ടു സെഷനുകളിലായാണ് ചര്‍ച്ചകള്‍. രാജ്യത്തെ അര്‍ബുദ ചികിത്സയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. സുരേഷ് എച്ച് അഡ്വാനി മുഖ്യാതിഥിയാണ്. അമേരിക്കയിലെ മയോക്ലിനിക്കില്‍ നിന്ന് ഡോ. ഷാജികുമാര്‍, റോസ്‌വെല്‍ പാര്‍ക്കില്‍ നിന്ന് ഡോ. സാബി ജോര്‍ജ്, ഫിലാഡല്‍ഫിയ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കല്‍ ഓങ്കോളജി പ്രഫസര്‍ ഡോ. എം.വി. പിള്ള തുടങ്ങിയ ലോക പ്രശസ്ത അര്‍ബുദ ചികില്‍സാ വിദഗ്ധര്‍ പങ്കെടുക്കും.
രോഗബാധിതര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഇന്‍ഷുറന്‍സ്. സാമൂഹ്യപ്രശ്നത്തിലേക്ക് വളരുന്ന ഈ മേഖലയും ചര്‍ച്ചാവിഷയമാകും. കോണ്‍ക്ലേവില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും