എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
അടുത്ത ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ് മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമോ എന്നുള്ളത്. എഗ്ഗോസ് എന്ന ബ്രാൻഡിൽ നിന്നുള്ള മുട്ടകളിൽ കാൻസറിന് കാരണമാകുന്ന നിരോധിത രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദങ്ങള്‍ പ്രചരിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോളിതാ ദൈനംദിന മുട്ട ഉപഭോഗത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍.
എഗ്ഗോസിന്‍റെ മുട്ടകളില്‍ ഉയർന്ന അളവിൽ നൈട്രോഫ്യൂറാൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളിലുണ്ടായിരുന്നത്. ആന്റിമൈക്രോബിയല്‍ മരുന്നുകളായ നൈട്രോഫ്യൂറാനുകള്‍ ഇറച്ചിക്കായി ഉപയോഗിക്കുന്ന ജീവികളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നൈട്രോഫ്യൂറാന്‍ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മുട്ടയിലെ നൈട്രോഫ്യൂറാനുകളെക്കുറിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി.
എന്നാല്‍ എഫ്എസ്എസ്എഐ പറയുന്ന അനുവദനീയമായ പരിധിയില്‍ നൈട്രോഫുറാൻ ഉപയോഗിക്കാമെന്ന് ഡൽഹി എയിംസിലെ ന്യൂറോളജിസ്റ്റും ജനറൽ ഫിസിഷ്യനുമായ ഡോ. പ്രിയങ്ക സെഹ്‌രാവത്ത് പറയുന്നു. വൈറൽ വിഡിയോകളെ മാത്രം വിശ്വസിച്ച് പരിഭ്രാന്തരാകരുതെന്നും പ്രാദേശിക വിപണികൾ ഉൾപ്പെടെയുള്ള വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള മുട്ടകൾ ആളുകൾക്ക് തുടർന്നും കഴിക്കാവുന്നതാണെന്നും പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്. മുട്ടയുടെ ശരിയായ പാചകം, സന്തുലിത ഉപഭോഗം എന്നിവയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.
മുട്ടയിൽ കണ്ടെത്തിയ നൈട്രോഫുറാൻ സാന്നിധ്യം വളരെ ചെറിയൊരു അളവു മാത്രമാണെന്ന് റായ്പൂരിൽ നിന്നുള്ള കാൻസർ സർജൻ ഡോ. ജയേഷ് ശർമ്മയും പറഞ്ഞിരുന്നു. ഇത് ഒരിക്കലും അപകടമുണ്ടാക്കില്ലെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. കാന്‍സറിനെ പല ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നും ഒരു ഘടകത്തെ മാത്രമായി എടുത്തുപറയാന്‍ പറ്റില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.
മുട്ടയിൽ കണ്ടെത്തിയ നൈട്രോഫുറാന്‍റെ സാന്നിധ്യം എഫ്എസ്എസ്എഐ നിര്‍ദേശിച്ച അനുവദനീയമായ പരിധിയില്‍ താഴെയാണെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും എഗ്ഗോസ് കമ്പനിയും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ ഉൽപ്പന്നങ്ങൾ 100% ആന്റിബയോട്ടിക് രഹിതമാണെന്നാണ് എഗ്ഗോസ് പറയുന്നതെന്നും എന്നാല്‍ അങ്ങിനയെല്ലെന്ന് തെളിയിക്കുന്നതാണ് നൈട്രോഫ്യൂറാന്‍റെ ഉപയോഗമെന്നും സോഷ്യല്‍മീഡിയയിലെ പോസ്റ്റുകള്‍ പറയുന്നു.