വാല്‍പ്പാറയില്‍ നാലരവയസുകാരിയുടെ ജീവനെടുത്ത പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കൂട് സ്ഥാപിച്ച് അഞ്ചാം ദിവസമാണ് പുലിയെ കെണിയിലാകുന്നത്. പുലിയെ പൊള്ളാച്ചിയിലെ വനത്തില്‍ തുറന്നുവിട്ടേക്കും.
വാല്‍പാറയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള പച്ചമല എസ്റ്റേറ്റിലാണ് പുലി കുടുങ്ങിയത്. കുട്ടിയെ കടിച്ചെടുത്തുകൊണ്ടുപോയ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണിത്. ഞായറാഴ്ചയാണ് ഇവിടെ കൂട് സ്ഥാപിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഝാന്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ നാലര വയസുള്ള റൂസ്നിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയത്. തൊട്ടടുത്തദിവസമാണ് കുട്ടിയുടെ മൃതദേഹം തോട്ടത്തില്‍ നിന്ന് കണ്ടെത്താനായത്.
രണ്ടാഴ്ച മുമ്പാണ് റൂസ്നിയുടെ കുടുംബം തോട്ടത്തില്‍ ജോലിക്കായി എത്തിയത്. കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു. പുലിയും കടുവയും ആനയും നിരന്തരം ഇറങ്ങുന്ന ഇവിടെ തോട്ടം തൊഴിലാളികള്‍ ഏറെക്കാലമായി ഭീതിയിലാണ്.