മലപ്പുറം വാണിയമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം അതിസാഹസികമായി ചാലിയാർ കടന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. മൃതദേഹത്തെ അനുഗമിച്ച് വാണിയമ്പുഴയിലേക്ക് പോയ ആര്യാടൻ ഷൗക്കത്ത് അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ട് കേടായതിനെ തുടർന്ന് രണ്ട് മണിക്കൂറോളം വനത്തിനുള്ളിൽ കുടുങ്ങി. ചാലിയാറിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ല.
നിറഞ്ഞൊഴുകുന്ന ചാലിയാറിലെ കുത്തൊഴുക്കിനെ മറികടന്നാണ് ഡിങ്കി ബോട്ടിൽ മൃതദേഹം എത്തിച്ചത്. അഗ്നിരക്ഷാസേനയും എൻഡിആർഎഫും പൊലീസും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്ന് അതിസാഹസികമായാണ് മൃതദേഹം പുഴയിലൂടെ കൊണ്ടുവന്നത്.
വാണിമ്പുഴയിൽ താൽക്കാലികമായി നിർമിച്ച കുടിലിനടുത്ത് കൂൺ പറിക്കുന്നതിനിടെയാണ് ബില്ലിയെ കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായതിനൊപ്പം ചാലിയാറിനു കുറുകെയുള്ള പാലം കൂടി തകർന്നുതോടെ മുളകൊണ്ടു നിർമ്മിച്ച ചങ്ങാടത്തിലായിരുന്നു ഊരുകാരുടെ യാത്ര. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചങ്ങാടം ഇറക്കാനായില്ല. ഡിങ്കി ബോട്ടിൽ മൃതദേഹം എത്തിക്കാനായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ട് പുറപ്പെട്ടെങ്കിലും ഒഴുക്കിൽപ്പെട്ട് നിയന്ത്രണംവിട്ടു. ഈ ഉദ്യോഗസ്ഥരെ തന്നെ മണിക്കൂറുകൾക്കുശേഷം വടം കെട്ടിയാണ് തിരികെ എത്തിക്കാനായത്.
മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. വാണിയമ്പുഴ ഊരിലെത്തിയ ആര്യാടൻ ഷൗക്കത്തിന് ഡിങ്കി ബോട്ട് കേടായതിനെ തുടർന്ന് മണിക്കൂറുകളോളം മടങ്ങി പോരാനായില്ല. നാളെ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാൻ ഇരിക്കുകയാണ് ഷൗക്കത്ത് കുടുങ്ങിയത്. മലപ്പുറത്തുനിന്ന് അഗ്നി രക്ഷാസേനയുടെ ബോട്ട് എത്തിച്ചാണ് ആര്യാടൻ ഷൗക്കത്തിനെ തിരികെ പുഴ കടത്തിയത്.