സംസ്ഥാന മാധ്യമ പുരസ്കാര വേദിയില്‍ നിറഞ്ഞ് നിന്ന് മനോരമ ന്യൂസ്. ജനറല്‍ റിപോര്‍ട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ്, ടിവി ന്യൂസ് എഡിറ്റിങ് എന്നീ ഇനങ്ങളിലായി മൂന്ന് പുരസ്കാരങ്ങള്‍ മനോരമന്യൂസ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. മലയാള മനോരമ ദിനപത്രം അഞ്ച് പരുസ്കാരങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ കൈമാറിയത്.
2022, 2023 വര്‍ഷങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്‍റെ മാധ്യമ പുരസ്കാരങ്ങളാണ് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തത്. മനോരമന്യൂസ് പ്രിന്‍സിപല്‍ കറസ്‌പോണ്ടന്‍റ് ജസ്റ്റീന തോമസ് ടിവി ന്യൂസ് റിപോര്‍ടിങ്ങ് പ്രത്യോക ജൂറി പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ആശുപത്രികളില്‍ നടതള്ളിയ വൃദ്ധ മാതാപിതാക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണ് പുരസ്കാരം.
സീനിയര്‍ കറസ്പോണ്ടന്‍റ് ബില്‍ അരുണ്‍ മികച്ച സാമൂഹിക ശാക്തീകരണ റിപോര്‍ട്ടിങിനുള്ള പുരസ്കാരം സ്വീകരിച്ചു . കായിക പ്രതിഭകള്‍ക്ക് പ്രചോദനമാകുന്ന പാലക്കാട്ടെ ഗ്രെയ്സ് അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തക്കാണ് അംഗീകാരം. മികച്ച ടിവി ന്യൂസ് എഡിറ്റിങ് പുരസ്കാരം സീനിയര്‍ വീഡിയോ എഡിറ്റര്‍ എന്‍ ബിനോജ് ഏറ്റുവാങ്ങി. അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ദമ്പതികള്‍ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത വൈകാരികമായി കോര്‍ത്തിണിക്കയതിനാണ് പുരസ്കാരം.
അച്ചടി മാധ്യമങ്ങളില്‍ മികച്ച ജനറല്‍ റിപോര്‍ട്ടിങിനുള്ള പുരസ്കാരം മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫ് സികെ ശിവാനന്ദനും, വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം അസി.എഡിറ്റര്‍ വര്‍ഗീസ് സി തോമസും സ്വീകരിച്ചു . മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള പുരസ്കാരങ്ങള്‍ മലയാള മനോരമ ഫോട്ടോഗ്രാഫര്‍മാരായ മനോജ് ചേമഞ്ചേരി, സജീഷ് ശങ്കര്‍ എന്നിവരും മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് ബൈജു പൗലോസും ഏറ്റുവാങ്ങി.