സംസ്ഥാനത്ത് രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കാനുള്ള കാരണം. മഴ ശക്തമായി തുടരുന്നതിനാല്‍ നാളെ (ജൂൺ 27) ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ അവധിയാണ്. നിലമ്പൂര്‍ താലൂക്കിലും നാളെ അവധിയാണ്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.
ഓറഞ്ച് അലർട്ടുള്ള തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് എറണാകുളത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
സംസ്ഥാനത്ത് രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞത്. മലയോര മേഖലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നും 29 മുതല്‍ മഴയില്‍ കുറവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ അതീവശ്രദ്ധ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ട്. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.