• ഭാരതപ്പുഴ കരകവിഞ്ഞു
  • ഷൊര്‍ണൂര്‍ നമ്പ്രം റോഡില്‍ വെള്ളംകയറി
  • സംസ്ഥാനത്ത് ജലാശയങ്ങള്‍ കരകവിയുന്നു

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. ജലാശയങ്ങള്‍ കരകവിയുന്നു. മൂവാറ്റുപുഴയില്‍ വീടുകളില്‍ വെള്ളംകയറി. കോതമംഗലം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി. കുടമുണ്ട പാലം വെള്ളത്തിനടിയില്‍, പ്രദേശത്ത് വ്യാപക കൃഷിനാശം. ഏലൂര്‍ ബോക്സോ കോളനിയില്‍ വെള്ളംകയറി. 45 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

വയനാട് മുത്തങ്ങയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളംകയറിയതിന് പിന്നാലെ കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. വയനാട് ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ചൂരല്‍മല ബെയ്‌ലി പാലത്തിന്റെ ഗാബിയോണ്‍ ഭിത്തിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയി. പാലത്തിന്റെ സംരക്ഷണഭിത്തിയിലും പലയിടത്തും വിള്ളല്‍ രൂപപ്പെട്ടു. 

എറണാകുളം ജില്ലയിൽ പുലർച്ചെ മുതൽ ശക്തമായ മഴ തുടരുന്നു. പെരിയാർ ഉൾപ്പെടെ നദികളിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. തീരമേഖലയിലേയും, മലയോര മേഖലയിലെയും താമസക്കാർ ദുരിതത്തിലാണ്. പറവൂർ കുന്നുകരയിൽ വീടുകളിൽ വെള്ളം കയറി.  

കോട്ടയം മീനച്ചിലാറില്‍ ജലനിരപ്പുയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ട് തുറന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിലടക്കം ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. ചെറുപുഴ, ചാലിയാര്‍ ഇരുവഞ്ഞി തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. മാവൂര്‍ പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പെരുവയല്‍ ചാത്തമംഗലം പഞ്ചായത്തിലെ ഗ്രാമീണ റോ‍ഡുകളില്‍ വെള്ളം കയറി. 

തൃശൂരിൽ മഴയുടെ ശക്തി കുറഞ്ഞു. പക്ഷേ , കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. രാത്രിയിലെ അപേക്ഷിച്ച് ചാലക്കുടി പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. രാത്രിയിലെ തോരാമഴയിൽ ചാലക്കുടി പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 

കനത്ത മഴയിൽ  ഇടുക്കി ഏലപ്പാറ ചിന്നാറ്റിൽ വീടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ചിന്നാർ സ്വദേശി അയ്യാദുരൈയുടെ വീടിന്‍റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വീട് അപകടാവസ്ഥയിലായതിനാൽ അയ്യാദുരൈയും കുടുംബവും താമസം മാറി. വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. 

ജില്ലയുടെ വിവിധ മേഖലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മലങ്കര ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ തൊടുപുഴയാർ കരകവിഞ്ഞു. പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മങ്കുളം ബൈസൺവാലി റോഡിൽ രാത്രി മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. രാവിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.