എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ഭിന്നശേഷിക്കാരുടെ ഒഴിവ് കൃത്യമായി രേഖപ്പെടുത്താത് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ്ക്ക് സഹായകമാകുന്നു. സ്കൂളുകളിലെ ഒഴിവുകളിലേക്ക് കാഴ്ചയിലും കേള്‍വിയിലും പരിമിതിയുള്ളവരെ മാത്രം പരിഗണിക്കുന്നതിനാല്‍ തട്ടിപ്പ് സംഘത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കാനും എളുപ്പമാണ്. കോഴിക്കോട് കുറ്റ്യാടി കേന്ദ്രീകരിച്ച് വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുന്ന സംഘത്തെക്കുറിച്ച് മനോരമ ന്യൂസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോഴിക്കോട് ജില്ലയില്‍ മാത്രം അധ്യാപകയോഗ്യത നേടിയ 53 ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ ഉണ്ട്. വര്‍ഷങ്ങളായി അവര്‍ ജോലിക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് വ്യാജന്‍മാര്‍ ജോലിയിലേക്ക് കടന്ന് കയറുന്നത്.
എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപക ഒഴിവുകളില്‍ കാഴ്ച്ച പരിമിതിയുള്ളവര്‍ക്കാണ് ആദ്യ അവസരം പിന്നെ കേള്‍വി പരിമിതിയുള്ളവര്‍ക്ക്. അതിനുശേഷം , ചലനവൈകല്യമുള്ളവരെയും മറ്റു വിഭാഗത്തില്‍ ഉള്ളവരെയും പരിഗണിക്കണമെന്നാണ് നിയമം. എന്നാല്‍ ആദ്യ രണ്ട് വിഭാഗത്തിലുള്ളവരെ മാത്രമേ പലപ്പോഴും പരിഗണിക്കാറുള്ളു.അതുകൊണ്ടുതന്നെ വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന സംഘങ്ങള്‍ക്കും കാര്യങ്ങള്‍ എളുപ്പമാണ്. സ്കൂള്‍ മാനേജുമെന്റുകളും പലപ്പോഴും ഇത്തരം ക്രമക്കേടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇത് എയ്ഡഡ് സ്ക്കൂളുകളിലെ മാത്രം തട്ടിപ്പുകളുടെ കഥയാണ്. സ്വന്തം ജീവിതത്തോട് തന്നെ സമരം ചെയ്ത് അതിജീവിക്കുന്ന ഭിന്നശേഷിക്കാരെ മറയാക്കി നിരവധി സര്‍ക്കാര്‍ വകുപ്പുകളിലും വ്യാജന്‍മാര്‍ കടന്നു കൂടിയിട്ടുണ്ട്.