high-court

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവ്, ചെലവ് കണക്കുകൾ ഉൾപ്പെടെ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എത്ര പേർ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

എന്നാൽ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് ജസ്റ്റിസുമാരായ രാജാ വിജയരാകുവാനും, കെ.വി.ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ അതൃപ്തിക്ക് കാരണമായത്. മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ബില്ലുകൾ ഓഡിറ്റ് ചെയ്തു കിട്ടുന്നതിലെ കാലതാമസം മൂലമാണ് വൈകുന്നതെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിച്ചത്.

ബോർഡ് പറയുന്ന വിശദീകരണത്തിൽ തൃപ്തരല്ലെങ്കിലും ഒരു മാസം കൂടി ആവശ്യപ്പെട്ടത് അംഗീകരിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഇനി ഒരു സാഹചര്യത്തിലും സമയം നീട്ടി നൽകില്ല. ഒരു മാസത്തിനുള്ളിൽ കണക്കുകൾ സമർപ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

The High Court expressed strong dissatisfaction with the Devaswom Board for failing to submit the accounts of the global Ayyappa Sangamam held at Sabarimala. While granting permission to conduct the global Ayyappa Sangamam, the court had directed that detailed income and expenditure statements be submitted within 45 days. The Board was also instructed to submit complete details, including the number of participants, accommodation arrangements, and donations received.