പാലക്കാട് മലമ്പുഴയിൽ ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. സംസ്കൃത അധ്യാപകൻ അനിൽ നിരവധി വിദ്യാർഥികളെ പീഡനത്തിനിരയാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആദ്യഘട്ട കൗൺസിലിങ്ങിൽ യു.പി ക്ലാസുകളിൽ പെട്ട അഞ്ച് ആൺകുട്ടികളാണ് ദുരനുഭവം വിവരിച്ചത്.
വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു. കൂടുതൽ വിദ്യാർഥികൾ ഇരയായിട്ടുണ്ടാകും എന്ന നിഗമനത്തിൽ വരുംദിവസങ്ങളിലും കൗൺസിലിങ് തുടരാനാണ് സി ഡബ്ല്യുസിയുടെ തീരുമാനം. ആദ്യ കേസിൽ അനിൽ റിമാൻഡിൽ ആണ്.
നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കായിക മത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അധ്യാപകൻ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ തന്റെ വാടകവീട്ടിലേക്കു വിളിച്ച് മദ്യംനൽകി പീഡിപ്പിച്ചെന്നാണു പരാതി. കുട്ടി ഇക്കാര്യം സുഹൃത്തിനോടു പറഞ്ഞിരുന്നു. സംഭവം അറിഞ്ഞ സ്കൂൾ അധികൃതരാണു പൊലീസിനെ അറിയിച്ചത്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല. അധ്യാപകനെതിരെ സ്കൂൾ അധികൃതർ ഉടൻ നടപടിയെടുത്തിരുന്നു. ഇയാൾ ഡിസംബർ 19നു ജോലി രാജിവച്ചിരുന്നു.