കനത്ത മഴയിൽ ഇടുക്കി ചിന്നാറ്റിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മാങ്കുളം ബൈസൺ വാലി റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തൊടുപുഴയാർ കരകവിഞ്ഞതോടെ ജാഗ്രത പാലിക്കൻ നിർദേശം നൽകി
കനത്ത മഴയെ തുടർന്ന് ചിന്നാർ സ്വദേശി അയ്യാദുരൈയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വീട് അപകടാവസ്ഥയിലായതിനാൽ അയ്യാദുരൈയും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി. വില്ലജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മലങ്കര ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ തൊടുപുഴയാർ കരകവിഞ്ഞതോടെ പുഴയുടെ തീരത്തുള്ള കെഎസ്ആർടിസി ബസ്റ്റാന്റിന്റെ വർക്ക്ഷോപ്പിൽ വെള്ളം കയറി. മുതലയാർ മഠം തോട് കരകവിഞ്ഞതോടെ നാല് വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചു
പുലർച്ച വരെ പെയ്ത ശക്തമായ മഴയിൽ മാങ്കുളം ബൈസൺവലി വളവിൽ മണ്ണിടിഞ്ഞെങ്കിലും രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പെരുമ്പൻകുത്ത് ആറാം മൈൽ റോഡിൽ വിള്ളൽ വീണതിനാൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 133 അടി പിന്നിട്ടതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. തേനി വൈഗ അണക്കെട്ട് തുറന്നു. പാറ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ മൂന്നാർ ഗ്യാപ്പ് റോഡിലെ രാത്രി യാത്ര നിരോധനം തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു