എ.പി. ഉസ്മാൻ എന്ന കോൺഗ്രസ് നേതാവിന്‍റെ പേര് മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. കേരളത്തിൽ കോവിഡ് വ്യാപനത്തിന്‍റെ ആദ്യനാളുകളിൽ ഉസ്മാന് രോഗം ബാധിച്ചപ്പോൾ, വൈകിട്ടത്തെ പതിവു പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി, ഉസ്മാനെ അധിക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ച ഇടുക്കിയിലെ ഒരു പൊതുപ്രവർത്തകൻ എന്നു പറഞ്ഞ് അധിക്ഷേപത്തിനു മുഖ്യമന്ത്രി തുടക്കമിട്ടപ്പോൾ, സിപിഎമ്മിന്റെ സൈബർ പോരാളികൾ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇന്നിതാ ആ ഉസ്മാൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചിരിക്കുകയാണ്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മരിയാപുരം ഡിവിഷനിലാണ് എ.പി. ഉസ്മാൻ മത്സരിച്ച് വിജയിച്ചത്. മുഖ്യമന്ത്രിയുടെ ആക്ഷേപത്തെ കുറിച്ച് ഉസ്മാൻ പറഞ്ഞത് ഇങ്ങനെ ‘ഒരു രോഗിയോടും ഒരു ഭരണാധികാരി ഇങ്ങനെ ചെയ്യരുത്. രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് ആർക്കെങ്കിലും അറിയാൻ കഴിയുമോ? അതു മുൻകൂട്ടി പ്രവചിക്കാനാകുമോ? ഒരുപക്ഷേ, വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ, ആ വിവരം അറിഞ്ഞുവച്ച് രോഗം പരത്താൻ ആരെങ്കിലും തയാറാകുമോ?രോഗത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതിന്റെ, അപമാനിക്കപ്പെടുന്നതിന്റെ, ഒറ്റപ്പെടുത്തുന്നതിന്റെ വേദന വിവരണാതീതമാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്നെ അപമാനിച്ചവരോട്, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനോട് എനിക്ക് വിരോധമില്ല. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഏറെ വേദനിപ്പിച്ചു. സമൂഹമാധ്യമത്തിൽ എന്നെ കുറ്റവാളിയാക്കി, ഏറ്റവും വലിയൊരു അപരാധിയെപ്പോലെ സിപിഎമ്മിന്റെ സൈബർ പട എന്നെ വേട്ടയാടി’