ഇടുക്കിക്കും ഏറ്റുമാനൂരിനുമായി കേരള കോൺഗ്രസിൽ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ്. കൊച്ചിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്നലെ രാത്രി ഏറെ വൈകി നടത്തിയ ചർച്ചയിലും സീറ്റുകളുടെ കാര്യത്തിൽ ധാരണയായില്ല. സീറ്റ് ചർച്ച പൂർത്തിയായെന്ന് വി.ഡി.സതീശൻ പ്രതികരിച്ചെങ്കിലും കേരള കോൺഗ്രസ് തള്ളി.

ഇന്നലെ രാത്രി 7 മണിയോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചർച്ച തുടങ്ങിയത്. ചർച്ചയിൽ ഏറ്റുമാനൂരും, ഇടുക്കിയും വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിന്നു. ഏറ്റുമാനൂരിൽ അർധസമ്മതം മൂളിയെങ്കിലും ഇടുക്കിയുടെ കാര്യത്തിലെ ബുദ്ധിമുട്ട് പി.ജെ.ജോസഫ് അറിയിച്ചു. ഏറ്റുമാനൂർ വിട്ട് തന്നാൽ പൂഞ്ഞാർ സീറ്റ് വേണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. 10 മണിയോടെ ചർച്ചയവസാനിപ്പിച്ച് ആദ്യം വി.ഡി.സതീശൻ പുറത്തെത്തി. എല്ലാം കോംപ്രമൈസായെന്ന് പ്രതികരണം.

സതീശന്‍റെ വാഹനം ആലുവ പാലസിന്‍റെ ഗേറ്റ് കടന്നതിന് പിന്നാലെ പുറത്തെത്തിയ പി.ജെ.ജോസഫ് ഒന്നും തീരുമാനമായില്ലെന്ന് തുറന്നടിച്ചു. ഒരിക്കൽ കൂടി ചർച്ച നടത്തുമെന്നും, രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇടുക്കി സീറ്റ് വിട്ടുകൊടുത്താൽ രാജി വെക്കുമെന്ന് മണ്ഡലം ഭാരവാഹികൾ പി.ജെ.ജോസഫിനെ വീട്ടിലെത്തി അറിയിച്ചിരുന്നു. ഇതാണ് ജോസഫിന്‍റെ കടുത്ത നിലപാടിന് കാരണം. 

ENGLISH SUMMARY:

Kerala Congress seat sharing negotiations are intensifying with Congress pushing hard for the Idukki and Ettumanoor constituencies. Despite late-night discussions between the Kerala Congress Joseph faction and Opposition Leader V.D. Satheesan, no agreement has been reached regarding the allocation of these seats.