ഇടുക്കിയിൽ എക്സൈസിന്റെ വൻ വ്യാജ മദ്യവേട്ട. അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച രണ്ട് ലിറ്റർ വാറ്റ് ചാരായവും, 50 ലിറ്റർ കോടയും, 25 ലിറ്റർ വിദേശമദ്യവും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയതോതിൽ ചാരായവും അനധികൃത മദ്യ വില്പനയും സജീവമായതോടെയാണ് എക്സ്സൈസ് പരിശോധന കർശനമാക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വെസ്റ്റ് പാറ സ്വദേശി തങ്കപ്പന്റെ വീട്ടിൽ നിന്നാണ് രണ്ട് ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ കോടയും കണ്ടെത്തിയത്. പ്രതി ചാരായം വാറ്റി തൂക്കുപാലം മേഖലയിൽ വിൽപ്പന നടത്തിവരികയായിരുന്നു. ഒളിവിൽ പോയ തങ്കപ്പനെ കണ്ടെത്താനായില്ല.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പഴയ കൊച്ചറയിൽ നടത്തിയ പരിശോധനയിലാണ് 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചാലക്കുടിമേട് സ്വദേശി സജി പിടിയിലായത്. ഇയാൾ മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും എക്സൈസ് പിടികൂടി. നിരവധി അബ്കാരികസുകളിൽ സജി പ്രതിയാണ്. തോട്ടം, അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വില്പനയും വ്യാജവാറ്റും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസിന്റെ തീരുമാനം.