അടിയന്തരവാസ്ഥയ്ക്ക് അമ്പതാണ്ട് പിന്നിടുമ്പോള്‍ കേരളത്തിന് മറക്കാനാകില്ല കോഴിക്കോട്ടെ വിദ്യാര്‍ഥിയായ പി.രാജന്‍റെ തിരോധാനവും കൊലപാതകവും. കക്കയം ക്യാംപില്‍ നടന്ന അതിക്രൂരമായ മര്‍ദനത്തിന് രാജന്‍ ഇരയായി എന്ന് പിന്നീട് കോടതി കണ്ടെത്തി. ഈ കണ്ടെത്തലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദ കൊടുങ്കാറ്റിലാണ് കെ.കരുണാകരന്‍ എന്ന അതികായന് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നത്.
1976 ഫെബ്രുവരി 28. അന്നാണ് കോഴിക്കോട് കായണ്ണ പൊലിസ് സ്റ്റേഷന്‍ നസ്കലൈറ്റുകളാല്‍ ആക്രമിക്കപ്പെടുന്നത്. എന്ത് വില കൊടുത്തും അക്രമികളെ ഒതുക്കാനായിരുന്നു തീരുമാനം. തുടര്‍ന്നുണ്ടായ പൊലിസ് വേട്ടയിലാണ് ആര്‍ഇസിയിലെ വിദ്യാര്‍ഥിയായ പി. രാജന്‍ അടക്കമുള്ളവരെ പൊലിസ് പിടികൂടുന്നത്. കക്കയം ക്യാംപിലെത്തിച്ച ശേഷം അതിക്രൂര മര്‍ദനമാണ് പൊലിസ് അഴിച്ചുവിട്ടത്.
അന്നുയര്‍ന്ന രാജന്‍റെ നിലവിളി കക്കയം മലനിരകളില്‍ തട്ടി ഇപ്പോഴും പ്രതിദ്വനിക്കുന്നുവെന്ന് കരുതുന്നവരാണ് ക്രൂരമര്‍ദനത്തിന് സാക്ഷികളായവര്‍. ആദ്യം രാജനെ അറസ്റ്റ് ചെയ്തിട്ടേ ഇല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കെ. കരുണാകരന്‍ സ്വീകരിച്ചത്. എന്നാല്‍ രാജന്‍റെ പിതാവ് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ സര്‍ക്കാരിന്‍റെ ഈ വാദം തെറ്റാണെന്നും രാജനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തെളിഞ്ഞതോടെ കരുണാകരന് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞതും ചരിത്രം.