സര്‍ക്കാര്‍ പരിപാടികളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ ഗവര്‍ണറെ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . എന്നാല്‍ ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി സജി ചെറിയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി കത്തയക്കാന്‍ വൈകിയെന്നും ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ അറിയിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേ സമയം വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ ഇന്ന് തൃശൂരിലെ കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കും
ഭാരതാംബ തര്‍ക്കം കേരള സര്‍വകലാശാലയില്‍ കയ്യാങ്കളിയിലേക്ക് കൂടി പോയതോടെ നിലപാടു കടുപ്പിക്കുകയാണ് സര്‍ക്കാരും ഗവര്‍ണറും . ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു. വിവാദത്തില്‍ രാജ്ഭവന്‍റെ നിലപാട് ഗവര്‍ണര്‍ കത്തിലൂടെ മുഖ്യമന്ത്രിയേയും അറിയിക്കും. കാവിക്കൊടിയേന്തിയ ഭാരതാംബ ഗവര്‍ണര്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
മുഖ്യമന്ത്രി നേരത്തെ തന്നെ പ്രതിഷേധം അറിയിക്കണമായിരുന്നുവെന്നും കടുത്ത ഭാഷയില്‍ തന്നെ നിലപാട് സര്‍ക്കാര്‍ പറയണമെന്നും പ്രതിപക്ഷനേതാവ്. ഗവര്‍ണര്‍തന്നെ മുന്‍കൈയെടുത്ത് വിവാദത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഏറ്റുമുട്ടല്‍ അനാവശ്യം എന്നും രമേശ് ചെന്നിത്തല കേരളാ സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു അതേസമയം കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും. കൃഷിമന്ത്രി പി പ്രസാദിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിരുദദാന ചടങ്ങിലും ഭാരതാംബ ചിത്രം വയ്ക്കാൻ ഗവർണർ നിർബന്ധം പിടിക്കുമോ എന്നാണ് ഇന്നറിയേണ്ടത്.