തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ കടുത്ത ഭാഷയില്‍ അപമാനിച്ച സിപിഎം നേതാവ് എം.എം.മണിക്കെതിരെ സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍മഴ. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തെന്നും, ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് മണി ആരോപിച്ചത്.
സംസ്ഥാന സർക്കാർ പാവങ്ങളുടെ കണ്ണീരൊപ്പാൻ പെൻഷൻ വർധിപ്പിച്ചത് ചെറിയ കാര്യമല്ലെന്നും, ഖജനാവിൽ സമ്പത്ത് ഇല്ലാത്തപ്പോൾ പോലും പെൻഷൻ വർധിപ്പിച്ച് നൽകാനുള്ള പിണറായി സര്‍ക്കാരിന്‍റെ ഇച്‌ഛാശക്‌തി അഭിനന്ദനാർഹമാണെന്നും ഇലക്ഷന് മുമ്പ് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. എംഎം മണിയുടെ വാക്കുകള്‍ വൈറലായതോടെയാണ്, തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിന് അനുകൂലമായി പെന്‍ഷന്‍ വിഷയത്തില്‍ പ്രതികരിച്ച വെള്ളാപ്പള്ളിയുടെ പ്രതികരണം വീണ്ടും ചര്‍ച്ചയായത്.
ഇലക്ഷന് മുന്നെ വെള്ളാപള്ളി, റിസല്‍ട്ടിന് ശേഷം മണിയാശാന്‍, പത്ത് വര്‍ഷം നാട് ഭരിച്ച പാര്‍ട്ടിയുടെ ഗതികേട് അവര്‍ തന്നെ വെളിപ്പെടുത്തിത്തന്നുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍. സംസ്ഥാന സർക്കാർ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ പെൻഷൻ വർധിപ്പിച്ചത് ചെറിയ കാര്യമല്ലെന്നുമാണ് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഖജനാവിൽ സമ്പത്ത് ഇല്ലാത്തപ്പോൾ പോലും അത് സമാഹരിച്ച് പെൻഷൻ വർധിപ്പിച്ച് നൽകാനുള്ള ഇച്‌ഛാശക്‌തി സർക്കാർ കാണിച്ചത് അഭിനന്ദനാർഹമാണും സര്‍ക്കാരിനെ പുകഴ്ത്തി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പെൻഷൻ സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊടുക്കുന്നതല്ല, എന്നത്തെയും പോലെ ജനത്തെ പറ്റിക്കാൻ കഴിയുകയില്ല, പെൻഷൻ കൊടുക്കുന്നത് വോട്ടിനു വേണ്ടിയായിരുന്നു അല്ലേ?, ആശാനേ, പെൻഷൻ സമയത്തിന് കിട്ടാത്തവരും, വർഷങ്ങളായി പെന്‍ഷന്‍ പരിഷ്കരണത്തില്‍ വരാത്തവരുമാണ് പണിഞ്ഞത്, വിവരക്കേടിന്‍റെ മണിനാദം, നന്ദികേട് കാണിച്ചത് ഭരണത്തിൽ കയറ്റിയ ജനതയോട് ആണെന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കാത്ത നേതാവ് തുടങ്ങി മണിയാശാന് എതിരെയാണ് കൂടുതലും ട്രോളുകള്‍.
വർഗീയത പേറുന്ന വെള്ളാപള്ളിയെ പേറിയാല്‍ ജനങ്ങളൊപ്പമുണ്ടാകില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങള്‍. വെള്ളാപ്പള്ളി വായ തുറന്നാൽ ഉള്ള വോട്ടും പോകും, വെള്ളാപ്പള്ളിയെ വച്ച് വർഗീയത കത്തിച്ചുള്ള ഇടപെടൽ പാർട്ടിക്ക് പാരയായി തുടങ്ങിയെന്നും ചിലര്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത് . ഉറച്ച കോട്ടകള്‍ പലതും കൈവിട്ടു. അഞ്ചുകോര്‍പ്പറേഷനുകളില്‍ ഭരണം കയ്യാളിയിരുന്ന എല്‍ഡിഎഫിന് ഇക്കുറി നിലനിര്‍ത്താനായത് കോഴിക്കോട് മാത്രമാണ് . ഗ്രാമാ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ വന്‍തോതില്‍ കൈവിട്ടു.