കനത്ത മഴയിൽ മധ്യകേരളത്തിൽ വ്യാപകനാശം. ജനജീവിതം ദുസഹമാക്കിയതിനൊപ്പം, കൃഷിനഷ്ടവും ഉണ്ടായി. പറവൂർ കുന്നുകര പഞ്ചായത്തിൽ 40 വീടുകളിൽ വെള്ളം കയറി. പുലർച്ചെ തുടങ്ങിയതാണ് മഴ, കാറ്റും. പറവൂർ മേഖലയിലെ ആളുകൾക്കുണ്ടായത് കനത്ത നാശം. വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾ പലതും നശിച്ചു. ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി.
കൃഷിനാശവും വ്യാപകം. മുവാറ്റുപുഴ ഇലാഹിയ കോളനി നഗറിലെ വീടുകളിലും വെള്ളം കയറി. കോതമംഗലം
മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി, ഗതാഗതം തടസപ്പെട്ടു. ആലുവ
കടുങ്ങല്ലൂർ മുപ്പത്തടം മേഖലകളിൽ നിരവധി വീടുകൾ വെള്ളം കയറി. ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഏലൂർ നഗരസഭയിൽ കുറ്റിക്കാട്ടുകരയ്ക്കുസമീപം ബോസ്കോ കോളനിയിൽ വെള്ളം കയറി 45 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശത്ത് കടലേറ്റം രൂക്ഷമാണ്. രാത്രി തുടങ്ങിയ കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് പെട്ടെന്ന് കൂടി. രാവിലെ മഴയുടെ ശക്തി കുറഞ്ഞതോടെ പ ജലനിരപ്പ് താഴ്ന്നു. ചാലക്കുടിയിൽ ചുഴലിക്കാറ്റും വീശി . ഒട്ടേറെ ഇടങ്ങളിൽ മരങ്ങൾ വീണു. കോട്ടയം എരുമേലി മൂക്കൻപെട്ടി കോസ് വേയിൽ വെള്ളം കയറി. കനത്ത മഴയിൽ അഴുതയാറിൽ വെള്ളം ഉയർന്നു. കോസ് വേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. മിനച്ചിലാറിലും ജലനിരപ്പുയർന്നു.