സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. മലയോരമേഖലയിലടക്കം മഴ കനക്കും. വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അര്‍ട്ട്.
വയനാട് ചൂരല്‍മലയില്‍ കനത്ത മഴ. മുണ്ടക്കൈ അട്ടമല റോഡ് മുങ്ങി. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക്. സംരക്ഷണ ഭിത്തിയില്‍ വിള്ളലുമുണ്ടായി. എസ്റ്റേറ്റുകളില്‍ കുടുങ്ങിയ തൊഴിലാളികളെ ഭൂരിഭാഗം പേരെയും പുറത്തെത്തിച്ചു. രാത്രി 100 മി.മീറ്റര്‍ മഴയാണ് ചൂരല്‍മലയില്‍ പെയ്തത്. മുന്നറിയിപ്പ് നല്‍കിയില്ലെന്നും പൊലീസും അഗ്നിരക്ഷാസേനയും എത്താന്‍ വൈകിയെന്നും നാട്ടുകാര്‍ ആരോപിച്ചു. വെള്ളരിമല വില്ലേജ് ഓഫിസറെ നാട്ടുകാര്‍ തടഞ്ഞു. സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കലക്ടര്‍ സ്ഥലത്തെത്താത്തതില്‍ പ്രതിഷേധമുണ്ടായി. എന്‍ഡിആര്‍എഫ് സംഘം ചൂരല്‍മലയിലെത്തി.
അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് നാദാപുരത്ത് വീടും പേരാമ്പ്രയില്‍ കെട്ടിടവും തകര്‍ന്നു വീണു. ഇരവഴിഞ്ഞി പുഴയില്‍ മലവെള്ളപാച്ചിലുണ്ടായി. കോട്ടയത്ത് ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. കോഴിക്കോടെ മലയോരമേഖലകളില്‍ രാത്രി മുതല്‍ മഴശക്തമായിരുന്നു ഇതോടെയാണ് ഇരവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. തീരം കവിഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും നിലിവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
നാദാപുരം നരിക്കാട്ടിരിയില്‍ ചാത്തുവിന്‍റെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.പേരാംമ്പ്ര അഞ്ചാം പീടികയില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രിയന്‍സിന്‍റെ കെട്ടിടടമാണ് തകര്‍ന്നത് . ആര്‍ക്കും പരുക്കില്ല. കോട്ടയം മുണ്ടക്കയത്താണ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് റബ്ബർ മരം ഒടിഞ്ഞുവീണത്.മുണ്ടക്കയം ഇളങ്കാട് റോഡിൽ നെന്മേനിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് വരികയായിരുന്ന നടയ്ക്കൽ ബസിന്റെ മുമ്പിലെ ചില്ല് തകര്‍ന്നു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല.
ഇടുക്കി മാങ്കുളം പാമ്പുകയം റോഡിൽ ചാപ്പാത്ത് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പുലർച്ചെ വരെ പെയ്ത ശക്തമായ മഴയിലാണ് ചപ്പാത്ത് തകർന്നത്. റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇതോടെ പാമ്പുകയം, താലുകണ്ടം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. എത്രയും വേഗം ഗതാഗത തടസത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.