സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ അടക്കമുള്ള പ്രതികൾക്കെതിരെ  വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണവുമായി പ്രതികൾ  സഹകരിക്കുന്നില്ല. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും, അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയേണ്ടതുണ്ടെന്നും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകി.

 കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോൺ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മരട് പൊലീസ് വ്യക്തമാക്കി. സൗബിൻ ഷാഹിറും, ബാബു ഷാഹിറും നോട്ടീസ് കൈപ്പറ്റിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതികൾ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും, അത് എങ്ങനെ പ്രതികൾ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയണം. ഇതിനായി  കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് അറിയിച്ചു.  

പരാതിക്കാരനായ അരൂർ സ്വദേശി സിറാജിന് പ്രതികൾ 5.99 കോടി രൂപ തിരിച്ചുനൽകിയിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനുശേഷം മാത്രമാണ് പ്രതികൾ ഇത് ചെയ്തത്. പ്രതികൾ കരുതിക്കൂട്ടി പരാതിക്കാരനെ ചതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. സിനിമയുടെ നിർമ്മാണ ചെലവിലടക്കം പ്രതികൾ ഹർജിക്കാരനെ തെറ്റിദ്ധരിപ്പിച്ചു എന്നും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

In the Manjummel Boys financial fraud case, police told the Kerala High Court that there is clear evidence against actor Soubin Shahir and other accused. The accused have not cooperated with the investigation, especially regarding the profits from the film and their expenditure. The police opposed their anticipatory bail plea and stressed the need for custodial interrogation.