അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം കത്തിയമരുമ്പോള്‍ നെഞ്ചുപിളര്‍ത്തുന്നൊരു വേദന കാത്തിരിക്കുന്നെന്ന് തിരുവല്ലയിലെ പുല്ലാടെന്ന കൊച്ചു ഗ്രാമം നിനച്ചതേയല്ല. ആ വിമാനത്തില്‍ ലണ്ടനിലേക്ക് തിരിച്ചവരില്‍ ഈ നാട്ടുകാരയായ രഞ്ജിതയും ഉണ്ടെന്ന് അറിയുന്നതുവരെ. ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിച്ചതോടെ രഞ്ജിതയുടെ അമ്മ തുളസിക്കുട്ടിയെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ നാട്ടുകാരും ബന്ധുക്കളും നന്നേ പാടുപെട്ടു.
മൂന്നുദിവസത്തെ അവധിയും കഴിഞ്ഞ് ഉടന്‍ തിരികെ വരാമെന്ന് അറിയിച്ച് ചിരിച്ച് യാത്ര പറഞ്ഞിറങ്ങിയ രഞ്ജിതയുടെ മുഖം ഇനിയൊരിക്കലും കാണാനാകില്ലെന്ന സത്യം വിശ്വസിക്കാൻ ഉറ്റവർ ഏറെ ബുദ്ധിമുട്ടി. രഞ്ജിതയുടെ അവസാന യാത്രയ്ക്ക് എല്ലാ ഒരുക്കങ്ങളും നടത്താൻ നാട് ചേർന്നുനിന്നു, തങ്ങളുടെ പ്രിയമകൾക്കെന്ന പോലെ.
ഡിഎൻഎ പരിശോധനയ്ക്ക് സാംപിള്‍ നൽകാൻ രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക് തിരിച്ചപ്പോൾ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ മുൻകൈയെടുത്താണ് രഞ്ജിത പഠിച്ച പുല്ലാട് വിവേകാനന്ദ ഹൈ സ്കൂളിൽ പൊതുദർശനത്തിനുള്ള ക്രമീകരണം നടത്തിയത്. സ്കൂൾ മുറ്റത്ത് പന്തലിട്ട് ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴും പക്ഷേ മൃതദേഹം തിരിച്ചറിയുന്നതിനുള്ള അനിശ്ചിതത്വം നീണ്ടു. രഞ്ജിതയുടെ സ്വപ്നങ്ങൾ പൂവിട്ട അതേ സ്കൂളിൻ്റെ മുറ്റത്ത് അന്ത്യയാത്രയ്ക്ക് തണലൊരുക്കാൻ പന്തൽ കാത്തുനിന്നു, ഒരാഴ്ചയോളം.
ഒടുവില്‍ 12 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു . ജനസാഗരത്തിന് നടുവിലെ പെട്ടിയിൽ ആഗ്രഹങ്ങൾ പൂർത്തിയാക്കാനാകാതെ വിടപറഞ്ഞ രഞ്ജിതയുടെ അവശേഷിപ്പുകൾ മൂകസാക്ഷിയായി. രഞ്ജിതയുടെ കുഞ്ഞുങ്ങളുടെ സഹപാഠികളും കണ്ണീരോടെ പുഷ്പങ്ങൾ അർപ്പിച്ചു. രഞ്ജിതയുടെ സ്വപ്നങ്ങൾ തങ്ങളുടെ സ്വപ്നങ്ങൾ പോലെ ചേർത്തു പിടിക്കുമെന്ന് മനസ്സിൽ പറഞ്ഞ് നാട് വിട നൽകി.