പാലക്കാട് തൃത്താലയില്‍ നിര്‍മാണം പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളില്‍ റോഡ് പൊളിഞ്ഞതിനു പിന്നില്‍ വന്‍അഴിമതിയെന്ന് പരാതി. ക്രമക്കേടിന് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമന്യൂസിനു ലഭിച്ചു. അതിനിടെ റോഡ് നിര്‍മാണം തൃപ്തികരമായി പൂര്‍ത്തിയാക്കിയെന്നു കാണിച്ചു അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കു മന്ത്രി എം.ബി രാജേഷ് നേരത്തെ പുരസ്കാരം നല്കിയ ചിത്രം വീണ്ടും ചര്‍ച്ചയായി
പാലത്തറ കൊടുമുണ്ട റോഡ്. 5 കിലോ മീറ്റര്‍ നീളത്തിലുള്ള റോഡില്‍ മൂന്നു കിലോമീറ്ററിലാണ് തീരദേശവികസന ഫണ്ടു ഉപയോഗിച്ചുള്ള പദ്ധതി. നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം പൊളിഞ്ഞു ഗതാഗതയോഗ്യമല്ലാതായി. നിര്‍മാണം നടന്നത് മുതല്‍ വന്ക്രമക്കേടെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകള്‍ മനോരമന്യൂസിനു ലഭിച്ചു.
ഹാര്‍ബര്‍ വകുപ്പിന്റെ ഒരു കോടി രൂപയും ജലജീവന്‍മിഷന്റെ ഒന്നരക്കോടിയും ഉപയോഗിച്ചായിരുന്നു നിര്‍മാണം. റോഡില്‍ വിള്ളലു വന്നതിനു പിന്നാലെ നടത്തിയ പരിശോധനയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ. ഒരു എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് ഒരു കോടി രൂപ വരെ സാങ്കേതിക അനുമതി നല്‍കാനാവൂ എന്നിരിക്കെ ഒരുകോടി 53 ലക്ഷത്തിന്റെ പ്രൊജക്ട് ഒരുകോടിയെന്നും 53 ലക്ഷമെന്നും രണ്ടു പ്രൊജക്ടാക്കി മാറ്റി മലപ്പുറം ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അനുമതി നല്കി. ഇതില്‍ ഒരു കോടിയുടെ പ്രൊജക്ട് ടെന്‍ഡറില്ലാതെ കരാര്‍ നല്കി
എര്‍ത്ത് വര്‍ക്കിലും ജിഎസ്ബി, ഡബ്ല്യൂ എം.എം , കോറിമക്ക് എന്നിവയിലും കുറവു വരുത്തി. റോഡിനു കനം തീരെ കുറവ്. രണ്ടുമാസത്തിനുള്ളില്‍ റോഡ് തകരാന്‍ കാരണവും അതാണ്. റോഡിനായി 1400 എം.ക്യൂബ് മണ്ണുവെട്ടിമാറ്റി എന്ന് കരാറുകാരന് അറിയിച്ചെങ്കിലും അതെങ്ങോട്ടേക്ക് കൊണ്ടുപോയി എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാങ്കേതിക അനുമതിയില്‍ നിര്‍ദേശിച്ച പകുതി പണി പോലും പൂര്‍ത്തിയാക്കാതെ കരാറുകാരനു തുക അനുവദിച്ചതും ക്രമക്കേടാണ്.
ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. കടലില്ലെങ്കിലും 5 കിലോ മീറ്ററിനപ്പുറം പുഴയോ കായലോ ഉണ്ടെങ്കിലും തീരദേശവികസനഫണ്ട് ഉപയോഗിക്കാമെന്ന നയത്തിലാണ് പാലത്താറ റോഡിലേക്ക് വകുപ്പിന്റെ തുക അനുവദിച്ചത്.