പ്രതീകാത്മക ചിത്രം ( Image Credit:X/ranbatrekker)
റോഡിലെ അറ്റകുറ്റപ്പണിക്ക് പിന്നാലെ പുണെയിലുണ്ടായത് ഒന്നിന് പിറകെ ഒന്നായി പത്ത് വാഹനാപകടങ്ങള്‍. മൂന്ന് മണിക്കൂറിനിടയില്‍ ഒരേ സ്ഥലത്താണ് ഈ പത്ത് അപകടങ്ങളും സംഭവിച്ചതെന്നതാണ് അമ്പരപ്പുളവാക്കുന്നത്. പൂണെയിലെ മാവല്‍ താലൂക്കിലെ ദേഹു–യെലവാഡി പാതയിലാണ് സംഭവം. അപകടങ്ങളിലൊന്നും ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നതാണ് ആശ്വാസം.
ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതിലേറെയുമെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വലിയ കുഴികള്‍ രൂപപ്പെട്ടിരുന്ന റോഡ് യാത്രക്കാര്‍ക്ക് വലിയ സമയനഷ്ടം കൂടിയാണ് സൃഷ്ടിച്ചിരുന്നത്. നിരന്തര ആവശ്യപ്രകാരം ഇത് പരിഹരിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. റോഡിലെ കുഴികളെല്ലാം താല്‍കാലികമായി മണ്ണിട്ട് നികത്താനായിരുന്നു തീരുമാനം. അപകടമൊഴിവാക്കാന്‍ നടത്തിയ പണി അക്ഷരാര്‍ഥത്തില്‍ പണിയാവുകയായിരുന്നു. കുഴികളില്‍ മണ്ണടിച്ചതും ഇതില്‍ തെന്നി വാഹനങ്ങള്‍ നീങ്ങാന്‍ തുടങ്ങി. മണ്ണ് നനഞ്ഞതോടെ ചെളിയായി റോഡിലെ മറ്റ് ഭാഗങ്ങളിലേക്കും ഒഴുകിയെത്തി. ഇതോടെയാണ് ഇരുചക്ര വാഹനക്കാര്‍ തെന്നി വീഴാന്‍ തുടങ്ങിയത്.
കടുത്ത അനാസ്ഥയാണ് അധികൃതര്‍ കാണിക്കുന്നതെന്നും നേരത്തെ കുഴി മാത്രം ഒഴിവാക്കിയാല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ റോഡിലൂടെയുള്ള യാത്ര തന്നെ ഒഴിവാക്കേണ്ട സ്ഥിതിയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ പലയിടങ്ങളിലും നേര്‍ത്ത ടാറിങ് മാത്രമാണ് നടന്നിരിക്കുന്നതെന്നും തീര്‍ത്തും മോശം നിര്‍മാണമാണ് റോഡുകളുടേതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ഇതാദ്യമായല്ല മഹാരാഷ്ട്രയിലെ റോഡുകള്‍ മോശം അവസ്ഥ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. ഈ മാസം ആദ്യം മുംബൈയ്ക്കടുത്ത് ഡോംബിവ്ലിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതിന് പിന്നാലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ വിഡിയോ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.