അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള നിയമനിർമാണത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. നയപരമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് നിയമനിർമ്മാണത്തിൽ നിന്നും പിന്മാറിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സർക്കാർ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി നിയമനിർമ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി.

ഇലന്തൂർ ഇരട്ട നരബലിക്ക് പിന്നാലെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണം സംബന്ധിച്ച്  വ്യക്തത വരുത്തിയത് . അതിനും മൂന്നുവര്‍ഷം  മുന്നേ നിയമസഭയെ മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023 ജൂലൈ 5ന് നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ സർക്കാർ യൂടേൺ അടിച്ചു. അന്ധവിശ്വാസവും, അനാചാരങ്ങളും തടയുന്നതിനുള്ള നിയമനിർമ്മാണവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നായിരുന്നു തീരുമാനം. നിയമനിർമ്മാണത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ തീരുമാനം  ഹൈക്കോടതിയെ അറിയിച്ചത്. 

pinarayi-vijayan

എന്നാൽ വിശദീകരണം തള്ളിയ ഹൈക്കോടതി സർക്കാർ നൽകിയ സത്യവാങ്മൂലം പര്യാപ്തമല്ലെന്ന് വ്യക്തമാക്കി. നിയമനിർമ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. നിയമവിരുദ്ധമായ അനാചാരങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നിലപാടെടുത്താൽ സർക്കാർ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാകും എന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. നിയമനിർമ്മാണം നയപരമായ തീരുമാനമെന്നും, കോടതിക്ക് ഇടപെടാനാകില്ലെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടാൻ സാധിക്കും എന്ന് കോടതി നിരീക്ഷിച്ചു. ഹർജി ജൂലൈ 15ന് കോടതി വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

The Kerala government backs out from legislating against superstition and obscure rituals, calling it a policy decision. The High Court expresses dissatisfaction and demands a new affidavit explaining the withdrawal. Case to be reviewed on July 15.