കോൺഗ്രസിനെ കൈവിട്ടു പോയ ആര്യാടന്‍റെ നിലമ്പൂർ തിരിച്ചുപിടിച്ച് മകൻ ഷൗക്കത്ത്. രണ്ടുവട്ടം പരാജയമറിഞ്ഞ ശേഷം ആര്യാടൻ മുഹമ്മദ് നിലമ്പൂരിന്റെ  നായകനായതുപോലെ തുടർച്ചയായി  രണ്ടുവട്ടം കോൺഗ്രസിനെ കൈവിട്ട നിലമ്പൂരിന്റെ നായകനാവുകയാണ് ഷൗക്കത്ത്.  മണ്ഡലവുമായുള്ള ബന്ധങ്ങളും പി.വി.അൻവർ ഷൗക്കത്തിനെതിരെ തുടർച്ചയായി നടത്തിയ വെല്ലുവിളികളും അനായാസ ജയം ഉറപ്പാക്കി. 

നിലമ്പൂരുകാർക്കെല്ലാം ബാപ്പുട്ടിയാണ്. ആര്യാടൻ ബാപ്പുട്ടി. ആർക്കും എന്താവശ്യത്തിനും എപ്പോഴും ഓടി ചെല്ലാവുന്ന വീടെന്ന ആര്യാടൻ മുഹമ്മദിന്‍റെ കാലം മുതലുള്ള പേര് ആര്യാടൻ ഷൗക്കത്തിലൂടെ തുടരണമെന്നും വോട്ടർമാർ ആഗ്രഹിച്ചു. 500 വോട്ടെങ്കിലും ലീഡ് ലഭിച്ചാൽ ഭാഗ്യമെന്ന് കരുതിയ യുഡിഎഫ് കാംപിനെ അമ്പരപ്പിച്ച് നിലമ്പൂർ നഗരസഭയിൽ മാത്രം 3967 വോട്ട് ഭൂരിപക്ഷം ലഭിച്ചതും ഇക്കാരണം കൊണ്ടുകൂടിയാണ്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റായും നഗരസഭ ചെയർമാനായും നടത്തിയ പ്രവർത്തനവും തുണയായി. 

1965 ലും 67 ലും കുഞ്ഞാലിയോട് നിലമ്പൂരിൽ പരാജയപ്പെട്ട ആര്യാടൻ മുഹമ്മദ് പിന്നീട് തുടർച്ചയായി ജയിച്ചു കയറി. 1982 ൽ ടി.കെ ഹംസയോട് ഒരിക്കൽ കൂടി പരാജയപ്പെട്ടെങ്കിലും പിന്നീട് തോൽവി അറിഞ്ഞിട്ടേയില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.വി.അൻവറിനോട് 11000 വോട്ടിന് അടിപതറിയെങ്കിലും അതേ അൻവർ അടക്കം മൽസരിച്ചപ്പോൾ 11000 തന്നെ ഭൂരിപക്ഷം നേടിയതും യാദൃശ്ചികമായി. 

സിനിമ സാംസ്കാരിക മേഖലയിൽ ബന്ധങ്ങളുള്ള തിരക്കഥാകൃത്തു കൂടിയായ ആര്യാടൻ ഷൗക്കത്തിനെ തോൽപിക്കാൻ ഒരു വിഭാഗം സാംസ്കാരിക പ്രവർത്തകർ പരസ്യപ്രചാരണത്തിന് എത്തിയെങ്കിലും ഏശിയില്ല. പി വി അൻവർ കാലങ്ങളായി ഉയർത്തുന്ന പരസ്യവെല്ലുവിളികളെ അവഗണിച്ച് മുന്നോട്ടു പോയതും മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പിന്തുണ വർധിപ്പിച്ചു. 

ENGLISH SUMMARY:

Shoukath, son of Aryadan Mohammed, has reclaimed Nilambur for the Congress — a seat once lost by his father. Just as Aryadan rose to leadership in Nilambur after two defeats, Shoukath too emerges as the new Congress face of the constituency after two successive setbacks. His strong grassroots connection and the consistent challenges posed by P.V. Anwar paved the way for a comfortable victory.