ഭാരതാംബയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചെന്ന് കാട്ടിയുള്ള എ.ബി.വി.പിയുടെ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയ എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിലുള്ള എ.ബി.വി.പി സമരത്തില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും, പാലക്കാടും, കണ്ണൂരും സമരം അക്രമാസക്തമായി. പൊലീസ് അനാസ്ഥയും ആക്രമണവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നാളെ എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് ആചരിക്കും.
എ.ബി.വി.പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ചില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന എ.ബി.വി.പിക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ക്കെതിരായ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ ( തിങ്കള്‍ ) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി നേതൃത്വം.
സംസ്ഥാന സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എബിവിപി കണ്ണൂരിൽ നടത്തിയ പ്രതിഷേധവും അക്രമാസക്തമായി. എഐഎൻടിയുസി പതാകകൾ നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കൊലവിളി മുദ്രാവാക്യം മുഴക്കി. തുടർന്ന് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് നഗരത്തിൽ എ.ബി.വി.പി റോഡ് ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.