ആലപ്പുഴ തൂക്കുകുളത്ത് 200ഓളം വീടുകളെ വെള്ളത്തിൽ മുക്കിയത് ദേശീയപാതയോരത്തെ ഓട നിർമാണം. സമീപപ്രദേശങ്ങളിൽ നിന്ന് ഓടയിലേക്ക് വെള്ളമൊഴുകാൻ മാർഗമില്ല. ഏതാനും ദിവസം മഴ പെയ്തപ്പോൾ തന്നെ ദേശീയപാതയോരത്തെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി.
ഈ വെള്ളക്കെട്ട് അധികൃതരുടെ അനാസ്ഥ കാരണം സംഭവിച്ചതാണ്. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൂക്കുകുളം പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. മുൻകാലങ്ങളിൽ വെള്ളമൊഴുകിയിരുന്ന മാർഗങ്ങൾ അടച്ച് ദേശീയപാതയോരത്ത് അശാസ്ത്രീയമായി ഓട നിർമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഈ പ്രദേശത്ത് വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകും. ഭഗവതിക്കൽ റോഡിനും ദേശീയപാതയ്ക്കും താഴെ പടിഞ്ഞാറോട്ടുള്ള കലിങ്കുകളിലൂടെ വെള്ളം വാടപ്പൊഴിയിലൂടെ കടലിലേക്ക് ഒഴുകി പോകുമായിരുന്നു. എന്നാൽ അശാസ്ത്രീയമായി ദേശീയ പാതയുടെ കിഴക്ക് ഭാഗത്ത് ഓട നിർമിച്ചതോടെ ഈ പ്രദേശം പൂർണമായി വെള്ളക്കെട്ടിലായി വെള്ളം ഒഴുകിപ്പോകുന്നതിന് പൈപ്പ് സ്ഥാപിക്കണമെന്നും ഇത് കലിങ്കുമായി ബന്ധിപ്പിച്ച് കെട്ടിക്കിടക്കുന്ന ജലം ഒഴുക്കി വിടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധവുമുണ്ട്.