കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദിനെതിരെ പ്രതികരണവുമായി വനിതാ വ്‍ലോഗര്‍. ബസിലെ പീഡകന്‍ സവാദിനെ ഇരയാക്കി ചിത്രീകരിച്ചു. താന്‍ രണ്ടുവര്‍ഷം സൈബര്‍ റേപ്പ് നേരിട്ടു. അന്ന് നീതി കിട്ടിയിരുന്നെങ്കില്‍ മറ്റൊരാള്‍ ഇരയാവില്ലായിരുന്നുവെന്നും ഞാനായിരുന്നു ശരി എന്ന് ഇനി നാട് തിരിച്ചറിയും യുവതി പറഞ്ഞു. സവാദിനെതിരെ ആദ്യം പരാതി നല്‍കിയത് വനിതാ വ്‍ലോഗറായിരുന്നു.
കഴിഞ്ഞ ദിവസമാണ് സമാന കുറ്റത്തിന് കോഴിക്കോട് സ്വദേശി സവാദ്(29) വീണ്ടും അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി പരാതി പറഞ്ഞതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന ദിവസം തന്നെ യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.