സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഫലവത്തായില്ലെന്നതിന് തെളിവാണ് സംസ്ഥാനത്ത് തെരുവുനായ്ക്കള്‍ പെരുകുന്ന സാഹചര്യമെന്ന് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വാക്സിനെടുത്താല്‍ പോലും ആളുകള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കാവുന്നതാണെന്നും, പറഞ്ഞുമടുത്താണ് തെരുവുനായ വിഷയം താന്‍ വിട്ടതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നടനായി സിനിമയില്‍ വീണ്ടുമെത്തിയതിനെ കുറിച്ച് മനോരമ ന്യൂസുമായി സംസാരിക്കുമ്പോഴാണ് തെരുവുനായ വിഷയത്തിലെ തന്‍റെ നിലപാട് ചിറ്റിലപ്പിള്ളി വ്യക്തമാക്കിയത്. ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം ‘റോന്തി’ല്‍ ചെറിയ റോളിലെത്തിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി–ഗാര്‍ഡിന് രൂപം നല്‍കിയിട്ട് നാല്‍പത്തിയെട്ട് വര്‍ഷം പൂര്‍ത്തിയാകുന്നു.
ഷാഹി കബീര്‍ വിളിച്ചു. റോന്ത് എന്ന ചിത്രത്തില്‍ ചെറിയ റോളില്‍ അഭിനയിച്ചു. റോന്ത് എന്ന ചിത്രത്തെ കുറിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് അത്രയേ പറയാനുള്ളു. പക്ഷെ പന്ത്രണ്ട് വര്‍ഷം മുന്‍പ് താന്‍ ഗൗരവമായി ഇടപെട്ട തെരുവുനായ വിഷയത്തില്‍ ഇന്നും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ഒരിടത്തും എത്തിയിട്ടില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നായയുടെ കടിയേല്‍ക്കുന്നു. മരണംവരെ സംഭവിക്കുന്നു.
വാക്സിനെടുത്താല്‍ പോലും ആളുകള്‍ മരിക്കുന്ന സാഹചര്യമൊക്കെ ഒഴിവാക്കാവുന്നതാണ്. തെരുവുനായ വിഷയം പറഞ്ഞുമടുത്തതിനാല്‍ താന്‍ വിട്ടു. വി ഗാര്‍ഡ് എന്ന ബ്രാന്‍ഡ് നാല്‍പത്തിയെട്ട് വര്‍ഷം പിന്നിടുമ്പോള്‍ വീഗാര്‍ഡും വണ്ടര്‍ലായും പൂര്‍ണമായി മക്കള്‍ക്ക് വിട്ടുനല്‍കി. വീഗാലാന്‍ഡ് ഹോംസിലും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലുമാണ് ഇപ്പോള്‍ തന്‍റെ ശ്രദ്ധ. പതിനഞ്ച് വര്‍ഷം മുന്‍പ് വൃക്ക ദാനം ചെയ്ത താന്‍ ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നു. അതാണ് സന്ദേശം. മൂന്ന് സിനിമകളില്‍ ഇതുവരെ ചെറിയ റോളില്‍ അഭിനയിച്ചെങ്കിലും സിനിമാനിര്‍മാണത്തിലേക്ക് ഒരിക്കലുമില്ലെന്ന് പറഞ്ഞാണ് കൊച്ചൗസേപ്പ് സംസാരം നിര്‍ത്തിയത്.