മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. സുപ്രീംകോടതി ഉള്‍പ്പടെ വിമര്‍ശിച്ചിട്ടും നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളെ അപേക്ഷിച്ച് സ്റ്റാഫിന്‍റെയെണ്ണവും കേരളത്തില്‍ കൂടുതലാണ്.
മുഖ്യമന്ത്രിക്ക് നിലവിലുള്ളത് 32 പഴ്സനല്‍ സ്റ്റാഫാണ്. ഇതില്‍ 11 പേര്‍ വിവിധ സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവര്‍. ബാക്കി 21 പേരും മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ താല്‍പര്യം മാത്രം നോക്കി നിയമിച്ചവരാണ്. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് വന്നാല്‍ ആകെ 25 പേരുണ്ടങ്കില്‍ 17 പേരെ വരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കും.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന എം.കെ.സ്റ്റാലിന്‍റെ തമിഴ്നാട്. ഒരേയൊരാളെയാണ് അവിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നടത്താന്‍ പറ്റുന്ന രാഷ്ട്രീയ നിയമനം. മന്ത്രിമാര്‍ക്കൊപ്പമുള്ള ബാക്കി സ്റ്റാഫെല്ലാം അതാത് വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും. അടുത്തത് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക–അവിടെ പരമാവധി 14 പേരെ മന്ത്രിമാര്‍ക്ക് നേരിട്ട് നിയമിക്കാം. ബാക്കി മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കണം. സ്റ്റാഫിന്‍റെയെണ്ണം പോലെ പെന്‍ഷന്‍ കാര്യത്തിലും വ്യത്യാസമുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകയിലുമെന്നല്ല, ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നും പഴ്സനല്‍ സ്റ്റാഫിന് പെന്‍ഷനില്ല.
2022ല്‍ ഈ വിഷയം പൊതുതാല്‍പര്യ ഹര്‍ജിയായി സുപ്രീംകോടതിയില്‍ വന്നിരുന്നു. പഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്നായിരുന്നു അന്ന് കോടതി കേരളത്തിന്‍റെ അഭിഭാഷകനോട് പറഞ്ഞത്.