കണ്ണൂര്‍ കായലോട്ട് സദാചാര അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് റഹീസ് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സുഹൃത്തിനെ ബന്ധുവടക്കമുള്ളവര്‍ സദാചാര പൊലീസിങിന് വിധേയമാക്കിയതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ മരണശേഷം റഹീസിനെ കാണാതായിരുന്നു. ഫോണ്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു.
റഹീസിന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിനലൂടെ ആള്‍ക്കൂട്ട വിചാരണയുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന പറമ്പായി സ്വദേശികളായ കെ.എ ഫൈസൽ, റഫ്നാസ്, വി.സി. മുബഷിർ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാറിനുള്ളില്‍ യുവതിയും, റഹീസും ഒരുമിച്ച് സംസാരിച്ചുകൊണ്ടിരിക്കേ, റഹീസിനെ പ്രതികള്‍ എസ്ഡിപിഐ ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. സദാചാര ആക്രമണത്തിന് തെളിവുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിതിന്‍ രാജ് വ്യക്തമാക്കിയിരുന്നു. തന്നെ ജീവിക്കാൻ അനുവദിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ജീവനൊടുക്കുന്നതെന്നാണ് റസിയയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതാണെന്നും തന്‍റെ ബന്ധുക്കള്‍ നിരപരാധികളാണെന്നുമായിരുന്നു യുവതിയുടെ അമ്മയുടെ വാദം.