ഈമാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്നലെ മുതല്‍ വിതരണം ചെയ്യുമെന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രഖ്യാപനം പാഴ്‌വാക്കായി. നിലമ്പൂര്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മൂന്ന് ദിവസം മുമ്പായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ പ്രഖ്യാപനം. ഇന്നലെ മുതല്‍ ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. സാധരണ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള ഉത്തരവ് ഇറങ്ങുന്നതിനോടൊപ്പമാണ് ഇത്തരം പ്രഖ്യാപനം ഉണ്ടാകാറ്. ഇത്തവണ ആ ഉത്തരവ് ഇറങ്ങും മുമ്പേ വിതരണ തീയതി പ്രഖ്യാപിച്ചത് അസാധാരണമായിരുന്നു.
നിലമ്പൂര്‍ വോട്ടെടുപ്പ് കണ്ടാണ് ഇതെന്ന ആക്ഷേപം അപ്പോള്‍ തന്നെ ഉയര്‍ന്നു. ഏതായാലും വോട്ടുകള്‍ പെട്ടിയിലായി. പക്ഷെ ഇന്നലെ മുതല്‍ പെന്‍ഷന്‍ നല്‍കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കുമായി. പണം അനുവദിച്ചുള്ള ഉത്തരവ് പോലും ഇറങ്ങിയില്ല. സാധാരണ എല്ലാ മാസത്തിന്‍റെയും അവസാന ആഴ്ചയിലാണ് പെന്‍ഷന്‍ വിതരണം നടക്കാറുള്ളത്. ഇത്തവണ വോട്ടെടുപ്പിന് മുമ്പ് നല്‍കാനുള്ള ആലോചനയുണ്ടായിരുന്നു.
അതിനുളള ഫണ്ട് സമാഹരിക്കാനാവാത്ത സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം വോട്ടെടുപ്പിന് മുമ്പ് നടത്തിയത്. എന്നാല്‍ അതില്‍ പറഞ്ഞ ദിവസത്തിലും പെന്‍ഷന്‍ നല്‍കാനുള്ള ഫണ്ട് തരപ്പെടുത്താന്‍ ധനവകുപ്പിനായില്ല. ഇതാണ് കാലതാമസമുണ്ടാക്കിയതെന്നാണ് വിവരം.