തിരുവനന്തപുരത്ത് ബി.ജെ.പി– സി.പി.എം സംഘര്‍ഷം. ഭാരതാംബ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. മന്ത്രിക്ക് അഭിവാദ്യവുമായി സി.പി.എം പ്രകടനം നടത്തി. പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ നേരിട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവന്‍കുട്ടിയും വന്ദേഭാരതില്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ടായിരുന്നു. മന്ത്രിക്കെതിരെ പ്രതിഷേധിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കുന്നതിന് മുന്‍പ് ബസ്റ്റാന്‍ഡ് പരിസരത്ത് വച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ഉന്തു തള്ളും സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിയും എത്തുന്നതിന് മുന്‍പ് സംഘര്‍ഷം തുടങ്ങിയിരുന്നു. ഈ റെയില്‍വെ സ്റ്റേഷന് പുറത്തായിരുന്നു പൊലീസുണ്ടായിരുന്നത്. സംഘര്‍ഷ വിവരമറിഞ്ഞ് കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.
ഭാരതാംബ വിവാദത്തില്‍ വൈകീട്ട് മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ നേമത്തും ബിജെപി പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ മണ്ഡലത്തിലെ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംഭവമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.