മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന്‍റെ അന്യായ പെന്‍ഷനെന്ന മനോരമ ന്യൂസ് വാര്‍ത്ത ചര്‍ച്ചയാക്കി രാഷ്ട്രീയകേരളം. പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. സ്വന്തക്കാരെ നിയമിക്കുന്നതിന് പിന്നില്‍ സ്വാര്‍ത്ഥതയെന്ന് കെ.സി.വേണുഗോപാലും സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്നാല്‍ പെന്‍ഷന്‍ തുടങ്ങിയത് എല്‍ഡിഎഫ് അല്ലന്നതായിരുന്നു എം.വി.ഗോവിന്ദന്‍റെ ന്യായീകരണം.
മൂന്ന് വര്‍ഷം ജോലി ചെയ്ത് ആജീവനാന്ത പെന്‍ഷന്‍ വാങ്ങുന്ന ഇടപാടിനെ നാട്ടുകാര്‍ അടിമുടി എതിര്‍ക്കുകയാണ്. അതിനൊപ്പം രാഷ്ട്രീയ നേതാക്കളും ചര്‍ച്ചയേറ്റെടുക്കുന്നു. ഭരണം കിട്ടുമ്പോള്‍ ഇടത്–വലത് വ്യത്യാസമില്ലാതെ നടത്തുന്നതാണങ്കിലും പിണറായി സര്‍ക്കാരിന്‍റേത് വഴിവിട്ട നടപടിയെന്ന ആക്ഷേപമാണ് കോണ്‍ഗ്രസിന്.
പെന്‍ഷന്‍ തുടങ്ങിയത് യുഡിഎഫാണെന്ന് പറഞ്ഞ് കയ്യൊഴിയാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. പെന്‍ഷന് വേണ്ടി ആരെയും തിരുകികയറ്റിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിഷയം പഠിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു എം.വി.ഗോവിന്ദന്‍.