കോഴിക്കോട് മെഡിക്കല്‍ കോളജിലെ 31 ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതോടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍. പനിയും പകര്‍ച്ചവ്യാധികളും പടരുമ്പോഴാണ് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥ. ഡോക്ടര്‍മാരുടെ കുറവ് രോഗികളെയും വലയ്ക്കുകയാണ്. ഒപിയില്‍ മാത്രം ഒരു ദിവസം 3500 രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്. അത്യാഹിത വിഭാഗത്തില്‍ 700 പേരും. എന്നാല്‍ ഇത്രയും പേരെ ചികിത്സക്കാനുള്ള ഡോക്ടര്‍മാരില്ല. പെട്ടെന്നുള്ള സ്ഥലമാറ്റവും ഒഴിവുകള്‍ നികത്താതും പ്രതിസന്ധി ഇരട്ടിയാക്കി. 20 ഡോക്ടര്‍മാരെയാണ് കാസര്‍ക്കോടിലേക്ക് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞമാസം 11 പേരെ വയനാട്ടിലേക്കും സ്ഥലം മാറ്റിയിരുന്നു.
കിടത്തിചികിത്സയില്‍ മാത്രം മൂവായിരത്തിലേറെ രോഗികളുണ്ടെന്നാണ് കണക്ക്. ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കൂടുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനറല്‍മെഡിന്‍ വിഭാഗത്തെ കാര്യമായി ബാധിച്ചു. നിലവില്‍ നാല് അസിസ്റ്റന്‍റ് പ്രഫസര്‍മാരുടെ ഒഴിവുകള്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മാത്രമുണ്ട്. 10 സീനിയര്‍ റെസിഡന്‍റുമാര്‍ വേണ്ടയിടത്ത് 3 പേര്‍ മാത്രമാണുള്ളത്. മഴയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ പരുക്കേറ്റ് എത്തുന്നവരെ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യാന്‍ സീനിയര്‍ ഡോക്ടരുമാരുമില്ല. കാസര്‍ക്കോട് മെഡിക്കല്‍ കോളജിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ പരിശോധനയ്ക്ക് മുന്നോടിയായാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജി, അസ്ഥി രോഗം തുടങ്ങി 13 വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.