കണ്ണൂർ ബക്കളത്ത് ദേശീയപാതയുടെ കോൺക്രീറ്റ് പാളിയിൽ വിള്ളൽ. മേൽപ്പാലത്തിനായി നിർമാണം പുരോഗമിക്കുന്നിടത്താണ് വിള്ളൽ ശ്രദ്ധയിൽ പെട്ടത്. കോൺക്രീറ്റ് പാളി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചാൽ വൻ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
തളിപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ നിന്നാണ് ഈ കാഴ്ച. മേൽപാലത്തിനായി മണ്ണിട്ട് പൊക്കുന്നതിനായി വശങ്ങളിൽ സ്ഥാപിച്ച കോൺക്രീറ്റ് പാളികളിലാണ് വിള്ളൽ കണ്ടത്. ഏറ്റവും താഴ്ഭാഗത്തായാണ് വിള്ളൽ. മുപ്പതടിയോളം ഉയരമുള്ള നിർമാണത്തിൽ വിള്ളൽ കണ്ടതോടെ ആശങ്കയായി.
ദേശീയ പാത നിർമാണത്തിലെ അപാകത എന്നാരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. പൊലീസും സ്ഥലം പരിശോധിച്ചു. നാട്ടുകാരുടെ പരാതി നിർമാണ കരാർ ഏറ്റെടുത്ത വിശ്വസമുദ്ര കമ്പനിക്ക് മുന്നിലും എത്തിയിട്ടുണ്ട്. നിർമാണം നിരീക്ഷിച്ച് വരികയാണെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം